കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കണ്ണന്താനത്തിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ കെ.എം. മാണി

തിരുവനന്തപുരം: അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ കേരള കോണ്‍ഗ്രസ് (എം ) ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെ പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ അല്‍ഫോന്‍സ് കണ്ണന്താനം അനവസരത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രസ്താവനയിറക്കുന്നത് ദുരുദ്ദേശപരമാണെന്നാണ് കെഎം മാണി പറഞ്ഞത്.

പശ്ചിമഘട്ട മലനിരകളില്‍ ജനവാസമേഖലകളെ ഉള്‍പ്പെടെ ഭൂരിഭാഗവും പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കി പ്രസിദ്ധീകരിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ദോഷകരമായി ബാധിച്ചു. 123 വില്ലേജുകളെയാണ് പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ഇത് അവിടെ താമസിക്കുന്ന കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു.

റിപ്പോര്‍ട്ടിലെ അപാകതകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഡോ.ഉമ്മന്‍ വി.ഉമ്മനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മന്‍.വി.ഉമ്മന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തതിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കി. രണ്ട് തവണ തീയതി നീട്ടിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ആഗസ്റ്റ് 21ന് തീരുകയാണ്. ഈ അവസരത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനം ഉമ്മന്‍ വി.ഉമ്മന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളത്തിന് ദോഷകരമാണെന്ന് പറഞ്ഞത് ഉചിതമായില്ലെന്നാണ് കെ എം മാണി വ്യക്തമാക്കിയത്.

Top