all party meeting in kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി ശാശ്വതസമാധാനത്തിലേക്ക് നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം.

നേതൃതലത്തിലെ ധാരണ താഴേത്തട്ടില്‍ വരെ എത്തിച്ച് ജില്ലയെ പൂര്‍ണമായും സംഘര്‍ഷരഹിതമാക്കാനും യോഗം തീരുമാനിച്ചു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എംഎല്‍എ, ബിജെപി ദേശീയസമിതി അംഗം പി കെ കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തകാര്യ സെക്രട്ടറി പി ഗോപാലന്‍കുട്ടി തുടങ്ങിയ സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത യോഗം കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ ഏടായി.

കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയാക്കി മാറ്റണമെന്നകാര്യത്തില്‍ എല്ലാവരും ഒരേ വികാരമാണ് പ്രകിപ്പിച്ചതെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപാലനത്തിനായി എല്ലാരാഷ്ട്രീയകക്ഷികളും സംഘടനകളും യോജിച്ചുനീങ്ങും. അടുത്തിടെയുണ്ടായ പലസംഭവങ്ങളും നേതൃത്വങ്ങള്‍ അറിഞ്ഞോ ആസൂത്രണം ചെയ്‌തോ ഉണ്ടായതല്ല.

നേതൃത്വത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരുവിഭാഗം ചിലേടങ്ങളില്‍ ഉണ്ടെന്നാണ് യോഗത്തിലുയര്‍ന്ന അഭിപ്രായം. സമാധാനം സ്ഥാപിക്കുന്നതിന് നേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കുന്ന ധാരണ താഴേത്തട്ടിലടക്കം എത്തുകയും പൂര്‍ണധാരണയായി മാറുകയും വേണം. ബന്ധപ്പെട്ട നേതൃത്വങ്ങള്‍ ഈ ധാരണ താഴേത്തട്ടിലെത്തിക്കാന്‍ തീവ്രശ്രമം നടത്തണം.

ആയുധങ്ങള്‍ നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും തടയാന്‍ കര്‍ശന നടപടികളുണ്ടാകും. നേതൃത്വങ്ങള്‍ തീരുമാനിച്ചല്ലെങ്കിലും പ്രാദേശികമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആയുധങ്ങള്‍ നിര്‍മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. പൊലീസ് നല്ല ശ്രമം നടത്തി കുറേഭാഗം കണ്ടെത്തിയിട്ടുണ്ട്. മറവില്‍ വച്ചിട്ടുള്ള മുഴുവന്‍ ആയുധങ്ങളും കണ്ടെത്താനുള്ള ശ്രമം പൊലീസ് തീവ്രമാക്കും. അതോടൊപ്പം ആയുധങ്ങള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നേതൃത്വങ്ങള്‍ താഴേത്തട്ടിലേക്ക് നല്‍കുകയും വേണം. ആയുധങ്ങള്‍ എവിടെയെങ്കിലും ഉള്ളതായി കണ്ടാല്‍ ബഹുജനങ്ങളും പൊലീസിനെ അറിയിക്കണം. ഇവ യഥാസമയം കണ്ടെടുക്കാനുള്ള നടപടി പൊലീസ് സ്വീകരിക്കുമെന്നും പിണറായി അറിയിച്ചു.

ആരാധനലായങ്ങള്‍ക്കുനേരെയുള്ള ആക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നതിലും എല്ലാവരും യോജിപ്പ് പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആരധനാലയങ്ങള്‍ ഏറ്റവും പവിത്രമായ ഇടങ്ങളായി എല്ലാവരും കാണണം. വീടുകള്‍ക്കും കടകള്‍ക്കും നേരെയും ഈയടുത്തകാലത്തായി വാഹനങ്ങള്‍ക്കുനേരെയും ആക്രമണങ്ങള്‍ നടന്നു. അതില്‍നിന്നെല്ലാം എല്ലാകൂട്ടരും പൂര്‍ണമായി പിന്തിരിയണം. ഒരു കാരണവശാലും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി കെ ശ്രീമതി എംപി, സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കലക്ടര്‍ പി മീര്‍ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി ശിവ വിക്രം, രാഷ്ട്രീയ കക്ഷി നേതാക്കളായ പി ജയരാജന്‍, കെ പി സഹദേവന്‍(സിപിഐ എം), കെ രഞ്ജിത്ത്, പി സത്യപ്രകാശ്(ബിജെപി), സതീശന്‍ പാച്ചേനി, മാര്‍ട്ടിന്‍ ജോര്‍ജ്(കോണ്‍ഗ്രസ്), സി പി മുരളി, സി രവീന്ദ്രന്‍(സിപിഐ), വി ശക അബ്ദുഹ ഖാദറ മൌലവി, പി കുഞ്ഞിമുഹമ്മദ്(മുസ്‌ളിംലീഗ്) തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Top