കേരള പൊലീസിന് ഇത് അഭിമാന നിമിഷം . . മുഴുവന്‍ പ്രതികളെയും ശരവേഗത്തില്‍ പിടിച്ചു

പാലക്കാട്: കേരള പൊലീസിനിത് അഭിമാന നിമിഷം. രാജ്യത്തെ നടുക്കിയ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ശരവേഗതയില്‍ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞു.

മന:സാക്ഷിയെ ഞെട്ടിച്ച കൊല കേസില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.

ഐ.ജി മേല്‍നോട്ട ചുമതല ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ തന്നെയാണ് മുഴുവന്‍ പ്രതികളെയും പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്.

കാട്ടിലും നാട്ടിലും നടത്തിയ മിന്നല്‍ റെയ്ഡാണ് പ്രതികള്‍ക്ക് കുരുക്കായത്.

മധുവിനെ മര്‍ദ്ദിച്ചവരും നേതൃത്വം കൊടുത്തവരുമായ 16 പേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഇവരെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

പ്രതികളെ സഹായിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അരി മോഷ്ടിച്ചു എന്ന് ആരോപിച്ച് ഒരു സംഘം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റാണ് ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.

സാംസ്‌കാരിക കേരളത്തിന് അപമാനമായ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടേണ്ടത് സര്‍ക്കാറിനെ സംബന്ധിച്ച് മാത്രമല്ല ഓരോ കേരളീയനെ സംബന്ധിച്ചും അഭിമാന പ്രശ്‌നമായിരുന്നു.

ദേശീയ മാധ്യമങ്ങളടക്കം ഞെട്ടലോടെ കേരളത്തിലെ ഈ കിരാത കൊലപാതകത്തെ അവതരിപ്പിച്ചത് മലയാളികള്‍ക്കാകെ അപമാനമായി മാറിയിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിക്കടി നടക്കുന്ന തല്ലിക്കൊല്ലല്‍ കേരളത്തിലും അരങ്ങേറിയത് ഗൗരവമായാണ് സര്‍ക്കാറും പൊലീസും നോക്കി കണ്ടിരുന്നത്.

പ്രതികളെ എത്രയും വേഗം പിടികൂടാന്‍ മുഖ്യമന്ത്രി തന്നെ പൊലീസ് മേധാവിക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

റേഞ്ച് ഐ.ജി അട്ടപ്പാടിയില്‍ തമ്പടിച്ചാണ് പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Top