ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അലന്‍സിയര്‍

തിരുവനന്തപുരം: കായല്‍ കയ്യേറിയ വിഷയത്തില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ നടന്‍ അലന്‍സിയറുടെ വ്യത്യസ്തമായ പ്രതിഷേധം.

ഒരു ദിവസം മുഴുവന്‍ തന്റെ പാന്റ്‌സിന്റെ സിപ്പ് അഴിച്ചിട്ട് പ്രതീകാത്മകമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് നടന്റെ തീരുമാനം.

ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായ നിരുത്തരവാദമായ പ്രതികരണം സങ്കടമുണ്ടാക്കിയെന്ന് അലന്‍സിയര്‍ പറഞ്ഞു.

ഇത് ജനാധിപത്യത്തിന് നിരക്കാത്തതാണ്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് മുഴുവന്‍ സിപ്പ് തുറന്നിടാനാണ് തന്റെ തീരുമാനം. ഒരു ജനാധിപത്യ രാജ്യത്ത് തോമസ് ചാണ്ടിയെപ്പോലൊരാള്‍ കാണിച്ച തെമ്മാടിത്തരത്തില്‍ കൂടുതലൊന്നും താന്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു സ്വകാര്യ മലയാളം ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുമ്പും നിരവധി വിഷയങ്ങളില്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളയാളാണ് അലന്‍സിയര്‍. കേരളത്തിലെ സി.പി.എമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ അലന്‍സിയര്‍ കണ്ണുമൂടിക്കെട്ടി ചവറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കൂടാതെ പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എം.എം.മണിക്കെതിരെയും അദ്ദേഹം പ്രതീകാത്മക സമരം നടത്തിയിരുന്നു.

Top