മീശ നോവലിനെതിരെയുള്ള ഭീഷണി ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്ന് മന്ത്രി എ.കെ.ബാലന്‍

ak balan

തിരുവനന്തപുരം: മീശ നോവലിനെതിരെയുള്ള ഭീഷണി ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്ന് മന്ത്രി എ.കെ.ബാലന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മതതീവ്രവാദം കേരളത്തിലും ശക്തി പ്രാപിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ‘മീശ’ എന്ന നോവലിനെക്കുറിച്ചുള്ള വിവാദമെന്നും സാംസ്കാരിക കേരളം ഒരുമിച്ചു നിന്ന് പ്രതിരോധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചില അയല്‍ സംസ്ഥാനങ്ങളിലും വടക്കേയിന്ത്യയിലും മതതീവ്രവാദികള്‍ ഭരണം നിയന്ത്രിക്കുന്ന രാജ്യങ്ങളിലും മാത്രമേ വിലപ്പോവൂ എന്ന് കരുതിയിരുന്ന മതതീവ്രവാദം കേരളത്തിലും ശക്തി പ്രാപിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ‘മീശ’ എന്ന നോവലിനെക്കുറിച്ചുള്ള വിവാദം. ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന നോവലിന്റെ രണ്ടാം അദ്ധ്യായത്തിലെ ഒരു കഥാപാത്രത്തിന്റെ അഭിപ്രായത്തെ മുന്‍നിര്‍ത്തിയുള്ള കോലാഹലങ്ങളും അതിന്റെ പരിസമാപ്തിയായ നോവല്‍ പിന്‍വലിക്കലും തികച്ചും നിര്‍ഭാഗ്യകരമാണ്. പത്രബഹിഷ്കരണം എന്ന അജണ്ട വ്യാപകമാകുമെന്ന ഭീതി പത്രസ്ഥാപനത്തിനുണ്ടാകുമെന്നു തീര്‍ച്ച.

സ്ത്രീകളടക്കം തന്റെ കുടുംബാംഗങ്ങളെ പുലഭ്യം പറയുമ്ബോള്‍ നോവലിസ്റ്റ് ഹരീഷും പതറിപ്പോകാം. നോവലിലെ മരിച്ചു പോയ ഒരു കഥാപാത്രം ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെക്കുറിച്ച്‌ പറഞ്ഞ കമന്റ് പൊതുസമൂഹത്തിന് പൊതുവെ സ്വീകാര്യമാവുകയില്ല. എന്നാല്‍ ‘ഞാന്‍’ എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് പറയുന്നത് പ്രാര്‍ത്ഥിക്കാനാണ് അമ്ബലത്തില്‍ പോകുന്നത് എന്നാണ്.

കേവലം ആനുഷംഗികമായ അഥവാ യാദൃച്ഛികമായ ഒരു സംഭാഷണത്തെ നോവലിസ്റ്റിന്റെ അഭിപ്രായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇങ്ങനെയൊരു വിവാദമുണ്ടാക്കിയത്. നോവലാണോ കഥയാണോ ലേഖനമാണോ എന്നറിയാത്തവരാണ് പ്രസക്തഭാഗം വായിക്കുക പോലും ചെയ്യാതെ വാളെടുക്കാന്‍ തയ്യാറായിരിക്കുന്നത്. നവോത്ഥാന കേരളത്തില്‍ ഒരിക്കലും സംഭവിച്ചു കൂടാത്ത പ്രചാരണമാണിത്. തെറ്റായ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകാതെ അമ്മമാരും സഹോദരിമാരും ക്ഷേത്ര വിശ്വാസികളും ചരിത്രവും വര്‍ത്തമാനവും മനസ്സിലാക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. നോവലിസ്റ്റ് സ്വതന്ത്രമായി എഴുതട്ടെ. വായിക്കുകയോ ചര്‍ച്ച ചെയ്യുകയോ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക എന്നതാണ് വായനക്കാരന്റെ നിയോഗം. നോവലിസ്റ്റിനും പത്രത്തിനും നേരെയുള്ള ഭീഷണിയും അക്രമവും ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്. സാംസ്കാരിക കേരളം ഒരുമിച്ചു നിന്ന് പ്രതിരോധിക്കേണ്ട സമയമാണിത്

Top