എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്

aisf

തൃശ്ശൂര്‍: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. ഞായറാഴ്ച തൃശൂരില്‍ ചേര്‍ന്ന എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റിലാണ് എസ്.എഫ്.ഐക്കും ആഭ്യന്തര വകുപ്പിനുമെതിരെ വിമര്‍ശനം ഉയര്‍ന്നത്.

മലപ്പുറം എന്‍ജിനിയറിങ് കോളേജിലെ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി നിവിന്‍ കൃഷ്ണ എസ്.എഫ്.ഐക്കാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും, ക്യാമ്പസ്സിനെ ആയുധ പുരയാക്കാനും ഫാസിസ്റ്റു രീതിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ മലീമസമാക്കാനുമാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായി.

എസ്.എഫ്.ഐ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികളുടെ പരാതിയില്‍ പൊലീസ് എസ്.എഫ്.ഐ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും എ.ഐ.എസ്എഫ് കുറ്റപ്പെടുത്തി.

ഭരണത്തണലില്‍ എസ്.എഫ്.ഐ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്ക് സി.പി.എം കുടപിടിക്കുകയോ രാഷ്ട്രീയ പിന്തുണ നല്‍കുകയോ ചെയ്യരുതെന്നും എ.ഐ.എസ്എഫ് ആവശ്യപ്പെട്ടു.

എസ്.എഫ്.ഐയുടെ അസഹിഷ്ണുത സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ തുറന്നു പറച്ചില്‍ ആത്മാര്‍ഥത ഇല്ലാത്തതാണെന്നും എ.ഐ.എസ്എഫ് ആരോപിച്ചു.

Top