air selfie drone

ലോകം പുരോഗമിക്കുന്തോറും സെല്‍ഫിയും പുരോഗമിക്കുകയാണ്. പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ ഇവിടെയും നടക്കുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണ് എയര്‍സെല്‍ഫി. ഫോട്ടോ എടുക്കാന്‍ കൈ ഉപയോഗിക്കേണ്ട ആവശ്യമേയില്ല. പോക്കറ്റില്‍ ഒതുങ്ങുന്ന ഒരു ഡ്രോണ്‍ ആണ് ഇതിന്റെ പ്രധാനഭാഗം.

ഒരിക്കല്‍ ഓണ്‍ ചെയ്തു വിട്ടാല്‍ ഇത് പറന്നു നടന്ന് ഫോട്ടോകളും വിഡിയോകളും എടുത്തോളും. ഇറ്റലിക്കാരനായ എദോര്‍ദോ സ്‌ട്രോപ്പിയാനയുടേതാണ് ഈ ആശയം. ഫുള്‍ എച്ച്ഡി വിഡിയോകള്‍ ഷൂട്ട് ചെയ്യുന്ന 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിന്റെ പ്രധാനഭാഗം. ഒരു ഫോട്ടോഗ്രാഫര്‍ എന്താണോ ചെയ്യുന്നത് അതുതന്നെയാണ് ഇവയും ചെയ്യുക.

കൈ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. വായുവില്‍ ഇരുപതു മീറ്റര്‍ വരെ ഉയര്‍ന്നു പൊങ്ങാന്‍ സഹായിക്കുന്ന നാല് റോട്ടറുകള്‍ ഇതിനുണ്ട്. സ്മാര്‍ട്ട്‌ഫോണിനെക്കാള്‍ ചെറുതാണ് ഇത്. 9.45 x6.73 x1.07 സെന്റിമീറ്റര്‍ ആണ് വലുപ്പം. ഭാരമാകട്ടെ വെറും 52 ഗ്രാം മാത്രം. സോണാര്‍ ഉപയോഗിച്ച് ഉയരം അളന്നാണ് ഡ്രോണ്‍ പറക്കുന്നത്.

പരിസരം നിരീക്ഷിക്കാനായി ഇതിനുള്ളില്‍ ഒരു കൊച്ചു ക്യാമറയുണ്ട്. കൂടാതെ ജിറോസ്‌കോപ്‌സ്, ബാരോമാറ്റര്‍, ജിയോമാഗ്‌നറ്റിക് സെന്‍സര്‍ എന്നിവയുമുണ്ട്. ഇത്തരം ഡ്രോണുകള്‍ നിര്‍മിക്കാനായി 2016ല്‍ എയര്‍സെല്‍ഫി ഹോള്‍ഡിങ്‌സ് എന്ന പേരില്‍ എദോര്‍ദോ കമ്പനി സ്ഥാപിച്ചിരുന്നു. ഐഒഎസ് വഴിയോ ആന്‍ഡ്രോയ്ഡ് ആപ്പ് വഴിയോ ഇത് നിയന്ത്രിക്കാം. ഉയരവും ദിശയുമെല്ലാം ഇങ്ങനെ ക്രമീകരിക്കാം. പത്തു സെക്കന്‍ഡ് ടൈമര്‍ ഉള്ളത് കാരണം ശരിയായ പോസില്‍ നില്‍ക്കാം.

തുടര്‍ച്ചയായ എട്ടു ഷോട്ടുകള്‍ എടുക്കാന്‍ ഇതില്‍ സാധിക്കും. വൈഫൈ ഉപയോഗിച്ച് ഫോട്ടോകള്‍ അയക്കാം. എന്ന് മാത്രമല്ല, നേരിട്ട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ആവാം ഫോട്ടോ എടുത്ത് കഴിഞ്ഞ ശേഷം ബട്ടന്‍ പ്രസ് ചെയ്താല്‍ ഡ്രോണ്‍ പറന്നു താഴെയെത്തും.

റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഇതിനുള്ളത്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ മൂന്നു മിനിറ്റ് പറക്കും. പവര്‍ ബാങ്ക് സ്ലിപ്പുകള്‍ ഉപയോഗിച്ചാല്‍ അര മണിക്കൂര്‍ വരെ കിട്ടും. മൈക്രോ യുഎസ്ബി കേബിള്‍ ഉപയോഗിച്ചും ചാര്‍ജ് ചെയ്യാം. കഴിഞ്ഞ ഓഗസ്റ്റിലാണ് കമ്പനി ഇതിന്റെ എല്ലാ ഫീച്ചറുകളോടും കൂടിയ ഒരു പ്രോട്ടോടൈപ്പ് പുറത്തിറക്കിയത്. 300 ഡോളര്‍ വിലയില്‍ ഈ വര്‍ഷം മുതല്‍ ഇവ വിപണിയില്‍ ലഭ്യമാവും.

Top