ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ചെക്ക് നിരോധിക്കാൻ കേന്ദ്രം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

നോട്ട് അസാധുവാക്കിയതിനു പിന്നാലെയാണ് ചെക്ക് ഇടപാടുകളും കേന്ദ്രം നിരോധിക്കുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ പുതിയ നീക്കമാണ് ഇതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാള്‍ പിടിഐയോട് പറഞ്ഞു.

കറന്‍സി നോട്ട് അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. നോട്ടുകള്‍ക്ക് സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും ചെലവാക്കുന്നു. ഈ ചിലവ് ഒഴിവാക്കാൻ കൂടിയാണ് സർക്കാർ ശ്രമിക്കുന്നത്.

ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപഭോക്താവില്‍നിന്ന് ഈടാക്കുന്ന സേവന നിരക്ക് ഒഴിവാക്കിയാല്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഈ തുക നല്‍കും.

രാജ്യത്ത് 95 ശതമാനവും പണം, ചെക്ക് ഇടപാടുകളാണ് നിലവില്‍ നടക്കുന്നത്. നോട്ട് അസാധുവാക്കിയതിനുശേഷം ചെക്ക് ഇടപാടുകളില്‍ വര്‍ധനവുമുണ്ടായിട്ടുണ്ട്.

Top