നോട്ട് അസാധുവാക്കല്‍, 1.7 ലക്ഷം കോടിയുടെ അസാധാരണ ഇടപാടുകളുണ്ടായെന്ന് റിസര്‍വ് ബാങ്ക്

rbi

മുംബൈ: നോട്ട് അസാധുവാക്കലിന് ശേഷം 1.6-1.7 ലക്ഷം കോടി രൂപയുടെ അസാധാരണ പണമിടപാടുകള്‍ നടന്നതായി റിസര്‍വ് ബാങ്ക്.

ആര്‍ബിഐ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ‘ഡീമോണിറ്റൈസേഷന്‍ ആന്‍ഡ് ബാങ്ക് ഡെപ്പോസിറ്റ് ഗ്രോത്ത്’ എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം.

നിര്‍ണായകമായ ഈ തീരുമാനത്തോടെ 2.8-4.3 ലക്ഷം കോടി രൂപയുടെ നോട്ട് ഇടപാടുകള്‍ നടക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 4-4.7 ശതമാനം അധികം ഇടപാടുകള്‍ ഈ കാലയളവില്‍ നടന്നു.

അതുവരെ നിര്‍ജീവമായിരുന്ന ബാങ്ക് അക്കൗണ്ടുകളിലൂടെ നോട്ട് അസാധുവാക്കലിനുശേഷം 1.6-1.7 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി പ്രബന്ധത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

മോണിറ്ററി പോളിസി വകുപ്പ് ഡയറക്ടര്‍ ഭൂപല്‍ സിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഇന്ദ്രജിത് റോയ് എന്നിവരാണ് പ്രബന്ധ രചയിതാക്കള്‍.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച 2016 നവംബര്‍ 11 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ നടന്ന ബാങ്ക് പണമിടപാടുകള്‍, ഇതിനു തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 14.5 ശതമാനം കൂടുതലാണ്.

നോട്ട് അസാധുവാക്കല്‍ കാലയളവില്‍ ബാങ്ക് ഇടപാടുകള്‍ വര്‍ധിച്ചതായാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top