യൂട്യൂബ് കിഡ്‌സില്‍ മുതിര്‍ന്നവര്‍ക്കുള്ള വീഡിയോകള്‍ നീക്കം ചെയ്ത്‌ കമ്പനി

നപ്രിയ വീഡിയോ സ്ട്രീമിങ് വെബ്‌സൈറ്റായ യൂട്യൂബ് ശിശു സൗഹൃദമാക്കുന്നു.

കുട്ടികളെ അധിഃക്ഷേപിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന വീഡിയോകളും ചാനലുകളും നീക്കം ചെയ്തുകൊണ്ടാണു യൂട്യൂബിന്റെ പുതിയ നീക്കം.

കുട്ടികള്‍ക്കായുള്ള വീഡിയോകളുടെ കൂട്ടത്തില്‍ മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ളതും ചിലത് അംഗീകരിക്കാന്‍ പറ്റാത്തവയുമുണ്ട്.

അതുകൊണ്ടു ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണു യൂട്യൂബ് എന്ന് യൂട്യൂബിന്റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ജൊഹാന്നാ റൈറ്റ് വ്യക്തമാക്കി.

നിലവിലെ യൂട്യൂബ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്ന അഞ്ച് ലക്ഷത്തോളം വീഡിയോകളില്‍ നിന്നുള്ള പരസ്യങ്ങളും യൂട്യൂബ് പിന്‍വലിച്ചിട്ടുണ്ട്.

ശിശു സൗഹൃദമാക്കുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്റ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രനുമായും യൂട്യൂബ് സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണു വിവരം.

കുട്ടികള്‍ക്ക് യോജിച്ചതല്ലാത്ത അത്തരം വീഡിയോകള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അത് ഒരേ സമയം യൂട്യൂബ് വെബ്‌സൈറ്റില്‍ നിന്നും യൂട്യൂബ് കിട്‌സ് ആപ്ലിക്കേഷനില്‍ നിന്നും നീക്കം ചെയ്യപ്പെടുമെന്നും കമ്പനി അറിയിച്ചു.

ചൂഷണ സ്വഭാവമുള്ളവയും മോശം ഉള്ളടക്കമുള്ളതുമായ വീഡിയോകള്‍ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും ഓട്ടോമേറ്റഡ് ടൂളുകളും മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയും യൂട്യൂബ് ഉപയോഗിക്കും.

കുട്ടികള്‍ക്ക് വേണ്ടിയുള്ള വീഡിയോകളുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമായുള്ള വീഡിയോകളും കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വീഡിയോകളും കടന്നുകൂടുന്നുണ്ടെന്നും യൂട്യൂബ് കണ്ടന്റ് ഫില്‍റ്ററിങ് കാര്യക്ഷമമല്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

Top