നടി റിമക്കെതിരെ കേസെടുക്കും, കുടുങ്ങുന്നത് ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി പൊരുതിയ താരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ‘മറ്റുള്ളവരെ’ കുരുക്കാന്‍ രംഗത്തിറങ്ങിയ മുന്നണി പോരാളി കുരുങ്ങും.

വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനാ നേതാവ് റിമ കല്ലിങ്കലിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചതിന് കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനമെന്നാണ് സൂചന.

ഇതേ കുറ്റത്തിന് കേസില്‍പ്പെട്ട നടന്‍ അജു വര്‍ഗീസ്, എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങളാണ് പൊലീസിനെ റിമക്കെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്.

ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലാതാവില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

യുവനടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് റിമ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നത്.

ആക്രമണത്തിനിരയായ നടി പേരുവച്ചു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അതേപടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ റിമ പങ്കുവെക്കുകയായിരുന്നു. നടിയുടെ പേര് ആ കുറിപ്പിന്റെ അവസാനം ഉണ്ടെന്നത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നു റിമ പിന്നീടു പേര് നീക്കം ചെയ്തിരുന്നുവെങ്കിലും ആലുവ സ്വദേശി അബ്ദുള്ള കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

റിമയ്‌ക്കെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി പിന്നീട് കത്ത് നല്‍കിയിരുന്നതിനാല്‍ കേസെടുത്തിരുന്നില്ല. ഇതാണിപ്പോള്‍ പൊലീസിനെ ‘പുലിവാല്’ പിടിപ്പിച്ചിരിക്കുന്നത്.

അജു വര്‍ഗീസിനെതിരായ എഫ്‌ഐആറിനു സ്റ്റേ നല്‍കാന്‍ വിസമ്മതിച്ചുള്ള ഉത്തരവിലാണ് ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലാതാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

ഈ പശ്ചാത്തലത്തിലാണ് റിമ കല്ലിങ്കലിനെതിരെയും കേസെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.

Top