ജയിലില്‍ കഴിയവേ ദിലീപിനു സന്ദര്‍ശകരെ അനുവദിച്ചതില്‍ നിയമലംഘനമെന്നു ഹര്‍ജി

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ആലുവ സബ് ജയിലില്‍ കഴിയവെ സന്ദര്‍ശകരെ അനുവദിച്ചതില്‍ നിയമലംഘനമുണ്ടെന്ന് ആരോപിച്ച് ഹര്‍ജി.

ജയില്‍ സൂപ്രണ്ടിനെതിരേ അന്വേഷണം വേണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തൃശൂര്‍ പീച്ചി സ്വദേശി മനീഷ എം. ചാത്തേലിയാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചു ദിലീപിനു സന്ദര്‍ശകരെ അനുവദിച്ചതിനെതിരേ ഡിജിപിക്കും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്നവരെ അവരുടെ സുഹൃത്തുക്കള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ മാത്രമേ സന്ദര്‍ശനാനുമതി നല്‍കാവൂ എന്നു ചട്ടത്തില്‍ പറയുന്നുണ്ട്. ഇതു ലംഘിച്ചു ചലച്ചിത്ര താരങ്ങളടക്കമുള്ള സുഹൃത്തുക്കള്‍ക്കു സന്ദര്‍ശനം അനുവദിച്ചു.

അശ്ലീലദൃശ്യം പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തുന്ന സമയത്താണു ദിലീപിന്റെ സുഹൃത്തുക്കള്‍ക്കു ജയില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയത്. സെപ്റ്റംബര്‍ അഞ്ചിനു നടന്‍ കൂടിയായ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ജയിലിലെത്തി ദിലീപിനെ കണ്ടു. ഒന്നര മണിക്കൂര്‍ നേരം കാണാനും സെല്‍ സന്ദര്‍ശിക്കാനും അദ്ദേഹത്തെ അനുവദിച്ചു.

ഇതിലൊക്കെ ജയില്‍ സൂപ്രണ്ടിന് പങ്കുണ്ടോയെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും ഹര്‍ജിയില്‍ പറയുന്നു.

Top