actress assault case-enquiry

കൊച്ചി: നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി പള്‍സര്‍ സുനില്‍ കൊച്ചിയില്‍ നിന്ന് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നതായി പൊലീസിന് വിവരം. ആലപ്പുഴയില്‍ ഒളിവില്‍ താമസിച്ച സ്ഥലത്ത് നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ കളമശേരിയിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്.

അഭിഭാഷകനെ കാണാന്‍കൂടി കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഫോണ്‍ വാങ്ങല്‍. ഇതു ശരിവയ്ക്കുന്ന കടയുടമയുടെ മൊഴി പൊലീസിന് ലഭിച്ചു. ഏതെങ്കിലും മോഡല്‍ തിരക്കിയല്ല വന്നതെന്നും ധൃതിയില്‍ ഒരു ഫോണ്‍ എടുത്ത് പണം നല്‍കി പോകുകയായിരുന്നുവെന്നുമാണു കടയുടമയുടെ മൊഴി. ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കടയുടമ വഴി പൊലീസിനു ലഭിച്ചിരുന്നു.

ആക്രമണത്തിന് ശേഷം 17ന് രാത്രി ആലപ്പുഴയ്ക്കാണ് സംഘം കടന്നത്. കായംകുളത്തും പരിസരത്തും കറങ്ങിയശേഷം 19നു രാവിലെയാണ് സുനില്‍കുമാര്‍, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ കൊച്ചിയിലെത്തിയത്.

അഭിഭാഷകനെ കണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുകയും സുരക്ഷിതമായ ഒളിയിടം സംഘടിപ്പിക്കുകയുമായിരുന്നു ഉദ്ദേശ്യം. അഭിഭാഷകനെ കണ്ട സുനില്‍ ഒരു മൊബൈല്‍ ഫോണ്‍ കൈമാറി. ഇതിനുശേഷമാണ് കളമശേരിയിലെ കടയില്‍ കയറി ഫോണ്‍ വാങ്ങിയത്.

എന്നാല്‍, പൊലീസിന്റെ നിരീക്ഷണത്തിലുള്ള ആരെയും ഈ ഫോണ്‍ ഉപയോഗിച്ചു സുനില്‍കുമാര്‍ വിളിക്കാതിരുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരേസമയം പത്തിലേറെ സിം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന ശീലമുള്ള സുനില്‍കുമാര്‍ ഏതു സിം ആണ് ഈ ഫോണില്‍ ഉപയോഗിച്ചതെന്നും പൊലീസിനു വ്യക്തതമല്ല.

Top