പൾസർ സുനി ഗൂഢാലോചന ആരോപിച്ച പ്രമുഖർക്കെതിരെ ദിലീപിന്റെ അഭിഭാഷകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ജയിലിലായ സമയത്ത് ഗൂഢാലോചനയില്‍ പങ്കെടുത്തതായി ആരോപണമുയര്‍ന്ന സിനിമാപ്രവര്‍ത്തകരെ കുറിച്ച് അന്വേഷിക്കാത്തത് ചോദ്യം ചെയ്ത് ദിലീപിന്റെ അഭിഭാഷകന്‍ രംഗത്ത്.

ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് ഇക്കാര്യം അഡ്വ.രാംകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പള്‍സര്‍ സുനി സഹതടവുകാരന്‍ വിഷ്ണുവിന്റെ പേരില്‍ സംവിധായകന്‍ നാദിര്‍ഷയെ വിളിച്ച കോളിലാണ് ഒന്നര കോടി തന്നില്ലെങ്കില്‍ ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി നല്‍കാന്‍ സിനിമാരംഗത്ത് തന്നെ ആളുകളുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചുള്ള ഈ ഭീഷണി കോളിന്റെ റെക്കോര്‍ഡ് ചെയ്ത വിശദാംശമടക്കമാണ് പിന്നീട് ദിലീപ് ഡിജിപിക്ക് അന്വേഷണത്തിനായി നല്‍കിയിരുന്നത്.

എന്നാല്‍ ഇതു സംബന്ധമായി ആരോപണ വിധേയരായ സിനിമാ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും ഇതുവരെ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇതാണിപ്പോള്‍ ഹൈക്കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇക്കാര്യം പരിശോധിക്കാതിരുന്നതെന്നത് വ്യാഴാഴ്ച ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് വിശദീകരിക്കേണ്ടി വരും.

ദിലീപിന്റെ പരാതി അവഗണിച്ച അന്വേഷണ സംഘത്തിന് തൃപ്തികരമായ മറുപടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ആരോപണ വിധേയരായ ഈ മൂന്ന് പേരുമായും ദിലീപിന് നല്ല ബന്ധമല്ല ഉള്ളതെന്നാണ് സിനിമാരംഗത്ത് നിന്നും ലഭിക്കുന്ന സൂചന.

ഇതില്‍ നടന്‍ പൃഥ്വിരാജ് വാശി പിടിച്ചതാണ് താര സംഘടനയായ ‘അമ്മ’ യില്‍ നിന്നും ദിലീപിനെ പുറത്താക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്.

കുറ്റം തെളിയുന്നതുവരെ ട്രഷറര്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തുക, അതല്ലെങ്കില്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്തുക എന്നതായിരുന്നു ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തിനു മുന്‍പ് മമ്മുട്ടിക്കും മോഹന്‍ലാലിനുമടക്കം ഉണ്ടായിരുന്ന ധാരണ.

എന്നാല്‍ പൃഥ്വിരാജിന്റെ കൂടെ നടി രമ്യാ നമ്പീശനും ആസിഫ് അലിയും കൂടി നിലയുറപ്പിച്ച് പുറത്താക്കണമെന്ന് ശക്തമായി വാദിച്ചതോടെ സൂപ്പര്‍ താരങ്ങള്‍ വഴങ്ങുകയായിരുന്നു.

മേലില്‍ ഇനി അമ്മയുടെ തലപ്പത്ത് തുടരാനില്ലെന്ന നിലപാട് ജനറല്‍ സെക്രട്ടറിയായ മമ്മുട്ടിയും വൈസ് പ്രസിഡന്റായ മോഹന്‍ലാലും സ്വീകരിക്കുന്ന തരത്തിലേക്കും ഈ നടപടി പിന്നീട് മാറുകയുണ്ടായി.

ദിലീപിന് ജാമ്യം ലഭിച്ച ശേഷം വിപുലമായി ജനറല്‍ ബോഡി യോഗം വിളിച്ച് നടപടിക്കാര്യം ചര്‍ച്ച ചെയ്യാനാണ് ‘അമ്മയുടെ’ ഇപ്പോഴത്തെ നീക്കം.

ആരോപണത്തില്‍പ്പെട്ട നടി പൂര്‍ണ്ണിമ പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യയാണ്.

ആന്റണി പെരുമ്പാവൂരാണ് ജയിലിലായ ദിലീപിനെ പുറത്താക്കിയപ്പോള്‍ ദിലീപ് മുന്‍കൈ എടുത്ത് ഉണ്ടാക്കിയ പുതിയ തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

നടി മഞ്ജു വാര്യരുമായി വളരെ അടുത്ത സൗഹൃദമുള്ളവരാണ് ഇവരെല്ലാം.

ആരോപണ വിധേയരായ മൂന്ന് പേര്‍ക്കും ഗൂഢാലോചനയുമായി ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും ഇവരുടെ മൊഴി പോലും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറാകാത്തതാണ് ദിലീപിന്റെ അഭിഭാഷക വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ജാമ്യ ഹര്‍ജിയുടെ മറ്റു വിശദാംശങ്ങള്‍ ചുവടെ…

കുപ്രസിദ്ധ കുറ്റവാളിയും മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുമുള്ള ഒന്നാം പ്രതിയുടെ മൊഴിയില്‍ യാതൊരു അന്വേഷണവും നടത്താതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും പ്രതി ചേര്‍ക്കുകയും ചെയ്തത്.

ഒന്നാം പ്രതി ഒഴികെ മറ്റ് പ്രധാന സാക്ഷികളെയൊന്നും പ്രൊസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

മറ്റ് രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജു വാര്യരേയും എ.ഡി.ജി.പി. ചോദ്യം ചെയ്തിരുന്നു. ഇവര്‍ പരാതിക്കാരന് ഒരിക്കലും സ്വാധീനിക്കാന്‍ സാധിക്കാത്ത സാക്ഷികളാണ്. അതു മാത്രവുമല്ല തനിക്കെതിരെയുണ്ടായ അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമില്ലെന്ന് ഇരയായ നടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതല്ലാതെ വേറെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല.

അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും പരാതിക്കാരനെതിരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.

പരാതിക്കാരന്‍ പ്രശസ്തനായ അഭിനേതാവാണ്. മാത്രവുമല്ല അദ്ദേഹത്തിന്റെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകളുമില്ല. പാവപ്പെട്ടവരെ സഹായിക്കാനായി നിരവധി കാര്യങ്ങള്‍ ചെയ്യുന്നയാളാണ് പരാതിക്കാരന്‍.

അക്രമത്തിനിരയായ നടിക്ക് പരാതിക്കാരനെ വര്‍ഷങ്ങളായി അറിയാം. പരാതിയില്‍ അയാള്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. തനിക്കെതിരെയുണ്ടായ അക്രമത്തില്‍ ആരേയും സംശയിക്കുന്നില്ലെന്ന കാര്യം പിന്നീട് അവര്‍ വ്യക്തമാക്കിയതുമാണ്.

ഒന്നാം പ്രതിയേയും കൂട്ടു പ്രതികളേയും അറസ്റ്റ് ചെയ്തതിന് ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് പോലീസും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നതാണ്.

ജയിലില്‍ വെച്ച് ഒന്നാം പ്രതി പണം ആവശ്യപ്പെട്ട് പരാതിക്കാരന് എഴുതിയതെന്ന് പറയുന്ന കത്ത് വ്യാജമാണെന്ന് കത്തെഴുതിയ ആള്‍ തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ പോലീസ് ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടത്തിയില്ല. അന്നു മുതല്‍ പോലീസ് ഒന്നാം പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് പരാതിക്കാരനെ പീഡിപ്പിക്കുകയാണ്.

പരാതിക്കാരനെതിരെ ഉന്നയിച്ചിരിക്കുന്ന 19 കുറ്റകൃത്യങ്ങളില്‍ പലതും പരാതിക്കാരനുമായി ബന്ധമില്ലാത്തതാണ്. എട്ടെണ്ണം പരാതിക്കാരനെ അറസ്റ്റ് ചെയ്യുന്നതിനായി കെട്ടിച്ചമച്ചതാണ്. പലതും അന്വേഷണത്തിലിരിക്കുന്നതുമാണ്. പോലീസ് ഇതുവരെ ശേഖരിച്ചിരിക്കുന്ന തെളിവുകള്‍ പ്രകാരം പരാതിക്കാരന്‍ സംശയത്തിന്റെ നിഴലില്‍ പോലും വരില്ല. പരാതിക്കാരന്റെ അറസ്റ്റ് ക്രിമിനല്‍ നിയമം പാലിച്ചല്ല നടത്തിയിരിക്കുന്നത്.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിക്കാരന്‍ കേരളത്തില്‍ വളരെ പ്രശസ്തനായ ചലച്ചിത്ര താരമാണ്. അദ്ദേഹം മുഖം എല്ലാവര്‍ക്കും പരിചിതമാണ്. അതു കൊണ്ട് തന്നെ സാക്ഷികളെ സ്വാധീനിക്കണമെന്ന് കരുതിയാല്‍പ്പോലും അദ്ദേഹത്തിന് അത് സാധിക്കില്ല.

Top