‘അമ്മ’ കൈവിട്ടിട്ടും ദിലീപിനെ കൈവിടാതെ താരങ്ങൾ, നിരപരാധിത്വം തെളിയിക്കുമെന്ന്. .

കൊച്ചി: മാധ്യമങ്ങള്‍ കൊടും ക്രിമിനലായി ചിത്രീകരിച്ചിട്ടും യുവതാരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിട്ടും ‘അമ്മ’ തന്നെ പുറത്താക്കിയിട്ടും ദിലീപിനെ തള്ളാതെ താരപ്പട.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അഴിക്കുള്ളിലായതില്‍ വിഷമിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന സിനിമാ പ്രവര്‍ത്തകരും.

സഹപ്രവര്‍ത്തകയെ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തിലും, നടി ആക്രമിക്കപ്പെട്ടപ്പോഴും സോഷ്യല്‍മീഡിയകളിലൂടെ പ്രതികരണം നടത്തിയ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ദിലീപിനെ അറസ്റ്റ് ചെയ്തിട്ടും വ്യക്തിപരമായ ഒരഭിപ്രായ പ്രകടനവും ഇതുവരെ നടത്തിയിട്ടില്ല.

അഭിപ്രായ പ്രകടനം നടത്തിയ വിരലിലെണ്ണാവുന്ന താരങ്ങളാവട്ടെ ദിലീപുമായി നല്ല ബന്ധത്തിലായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

നടിയെ ആക്രമിച്ചതിന് പിന്നാലെ ആരെയും വെറുതെ വിടരുത് എന്ന ശക്തമായ അഭിപ്രായം മുന്നോട്ട് വയ്ക്കുമ്പോഴും യഥാര്‍ത്ഥ ഗൂഢാലോചനക്കാരന്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണോ എന്നതാണ് മിക്ക താരങ്ങളുടെയും സംശയം.

ദിലീപിന് അനുകൂലമായി പ്രതികരിച്ചാല്‍ പൊതു സമൂഹം എതിരാകുമെന്നും നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നും പേടിച്ച് ആരും പക്ഷേ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല.

ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ മറിച്ചൊരു അഭിപ്രായമില്ലങ്കിലും ഇപ്പോള്‍ പൊലീസ് സ്വീകരിച്ച നടപടിയെ മിക്ക സിനിമാ പ്രവര്‍ത്തകരും സംശയത്തോടെയാണ് കാണുന്നത്.

2013ല്‍ നടന്ന ഗൂഢാലോചന 2017ല്‍ നടപ്പാക്കി എന്നു പറയുന്നതില്‍ തന്നെ അസ്വാഭാവികതയുണ്ടെന്നാണ് ദിലീപിനെ അനുകൂലിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നത്.

തങ്ങള്‍ അറിയുന്ന ദിലീപിന് ഇത്തരമൊരു ‘ തിരക്കഥ’ എഴുതി അഭിനയിക്കാനറിയില്ലെന്നതാണ് അവരുടെ വാദം.

എത്രയും പെട്ടന്ന് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി കോടതിയില്‍ നിന്നും വിധിയുണ്ടാകണമെന്ന് ഇപ്പോള്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നതും ദിലീപിന്റെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്.

മാധ്യമങ്ങളുടെയോ പൊലീസിന്റേയോ വിധിയെഴുത്തല്ല, കോടതിയുടെ വിധിയാണ് ദിലീപിന്റെ ഭാവി തീരുമാനിക്കുകയെന്നാണ് സുഹൃത്തുക്കള്‍ തുറന്നടിക്കുന്നത്.

ദിലീപ് വിരോധത്തിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ ‘ദിലീപ് വധം’ നടപ്പാക്കുന്നവരുടെ പിന്നിലെ ‘ക്വട്ടേഷ’ നും പിന്നീട് അന്വേഷിക്കേണ്ടി വരുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇപ്പോള്‍ താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയത് മാധ്യമങ്ങള്‍ സംഘടിതമായി ഉണ്ടാക്കിയ പൊതു വികാരത്തിന് അടിമപ്പെട്ടാണെന്നും ദിലീപ് നിരപരാധിയായി തിരിച്ചു വന്നാല്‍ ശക്തമായി തന്നെ അമ്മയുടെ തലപ്പത്തുണ്ടാകുമെന്നുമാണ് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

പ്രതിയായി ജയിലിലടക്കപ്പെട്ടവരോട് ഉത്തരവാദിത്വപ്പെട്ട ഒരു സംഘടന സ്വീകരിക്കുന്ന നിലപാട് തന്നെയാണ് ‘അമ്മയും’ സ്വീകരിച്ചത്.

നിരപരാധിത്വം തെളിയിച്ചാല്‍ ദിലീപിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും അത്തരമൊരു സാഹചര്യത്തില്‍ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ താരത്തിനെ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും താര അനുകൂലികള്‍ വ്യക്തമാക്കി.

ദിലീപിനെതിരെ പരസ്യമായി പ്രതികരിച്ച സീനിയര്‍ താരങ്ങള്‍ പോലും ദിലീപ് കുറ്റം ചെയ്തതായി വിശ്വസിച്ചിട്ടല്ല. പ്രതികരിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന ഈ പ്രബല വിഭാഗം വിഷയത്തില്‍ പ്രിഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന്‍ എന്നിവരുടെ പ്രതികരണം ‘സംഘടിത ‘മാണെന്നാണ് ആരോപിക്കുന്നത്.

ഈ മൂവര്‍ സംഘത്തിന്റെ ‘താല്‍പ്പര്യം’ മറ്റ് താരങ്ങള്‍ക്കെല്ലാം അറിയാവുന്നത് കൊണ്ടാണ് കൂടുതല്‍പേര്‍ പിന്തുണച്ച് പ്രതികരിക്കാതിരിക്കുന്നതത്രെ.

അതേ സമയം ദിലീപ് ജയിലിനകത്താണെങ്കിലും പുറത്ത് താരങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. ഈ ഒരു സാഹചര്യത്തില്‍ അമ്മയുടെ ജനറല്‍ ബോഡി വിളിച്ചാല്‍ പ്രശ്‌നമാകുമോ എന്ന ഭയം സൂപ്പര്‍ താരങ്ങള്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്.

Top