നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.

പ്രൊസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയത്.

ദിലീപ് ‘കിങ് ലയറാ’ണെന്നും, സൂത്രശാലിയായ ദിലീപ് കൃത്യം നടത്താന്‍ മികച്ച കളിക്കാരനെയാണ് ഇറക്കിയതെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എ. സുരേശന്‍ കോടതിയില്‍ പറഞ്ഞു.

തൃശ്ശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ട്. മാത്രമല്ല, നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴി ദിലീപിന് എതിരാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കാവ്യാ മാധവന്റെ ഫോണില്‍ നിന്ന് വിളിച്ച് ദിലീപിനോട് പള്‍സര്‍ സുനി പണം ആവശ്യപ്പെട്ടെന്നാണ് പ്രൊസിക്യൂഷന്റെ മറ്റൊരു വാദം.

കാവ്യാ മാധവന്റെ വാഹനം സുനി ഓടിച്ചിട്ടുണ്ട്. സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര ശാലയില്‍ സുനി പോയിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇന്നലെ പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.

ഒരേ ടവര്‍ ലൊക്കേഷനു കീഴിലുണ്ടായിരുന്നെന്ന പേരില്‍ സുനിയുമായിച്ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല. ടവര്‍ ലൊക്കേഷന്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവുവരെയാകാം. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകുന്നില്ല.

ദിലീപിന് സ്വന്തം കാരവനുണ്ടെന്നിരിക്കെ അതിനുള്ളിരുന്നല്ലാതെ പുറത്തുനിന്ന് ഗൂഢാലോചന നടത്തിയെന്നുപറയുന്നത് സാക്ഷികളെ ഉണ്ടാക്കാനുള്ള പൊലീസിന്റെ ശ്രമമാണ്. പൊലീസ് ഒമ്പത് ഫോണുകള്‍ കണ്ടെടുത്തെങ്കിലും അവയില്‍ നിന്നൊന്നും ദിലീപിന് കോള്‍ പോയതായി കണ്ടെത്താനായിട്ടില്ല.

ക്വട്ടേഷനാണെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി ആദ്യമേ പറഞ്ഞെങ്കിലും അതേക്കുറിച്ച് ആദ്യഘട്ടത്തില്‍ അന്വേഷണം നടന്നില്ല. ദിലീപിനെതിരായ ഗൂഢാലോചനയ്ക്കു പിന്നില്‍ മറ്റാരൊക്കെയോ ആണ്. ദിലീപിനെ കൈയേറ്റക്കാരനായും മറ്റും ചിത്രീകരിക്കാനും ശ്രമം നടന്നു. അന്വേഷണത്തില്‍ പലതിനും തെളിവുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചത്.

ഇന്നലെ രാവിലെ ആരംഭിച്ച പ്രതിഭാഗത്തിന്റെ വാദം ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്.

Top