ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു

dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു.

ആലുവ പൊലീസ് ക്ലബില്‍ നടനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായായിരുന്നു ചോദ്യം ചെയ്യല്‍.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു. എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ് എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്തത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് ദിലീപ് വാദം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചിരുന്നു. വ്യാജ തെളിവുണ്ടാക്കി തന്നെ കേസില്‍ കുടുക്കിയെന്നാണ് ദിലീപ് കത്തില്‍ ആരോപിച്ചത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ഗൂഢാലോചന നടത്തിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top