യൂത്ത് കോൺഗ്രസ്സ് ‘ പോത്ത് കോൺഗ്രസ്സ് ആണെന്ന് തെളിയിച്ച് പ്രവർത്തകർ !

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സിനെ ‘പോത്ത് ‘കോണ്‍ഗ്രസ്സ് എന്ന് രാഷ്ട്രീയ എതിരാളികള്‍ കളിയാക്കുന്നത് ചുമ്മാതല്ല എന്ന് ശനിയാഴ്ച കണ്ണൂര്‍ നഗരത്തില്‍ നടത്തിയ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ്സ പ്രവര്‍ത്തകരുടെ ചെയ്തികള്‍ കണ്ടാല്‍ മനസ്സിലാകും.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും കാലിച്ചന്തയില്‍ വില്‍ക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കാള കുട്ടിയെ പരസ്യമായി വെട്ടിക്കൊന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.

കുഞ്ഞു കാളയാണെന്ന പരിഗണനപോലും നല്‍കാതെ രക്തദാഹികളെ പോലെ പട്ടാപകല്‍ യൂത്തന്‍മാര്‍ നടത്തിയ ഈ ‘വീര സാഹസ’ത്തിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.

ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂര്‍ സിറ്റി ജംക്ഷനിലാണു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കി പ്രതിഷേധിച്ചത്. കണ്ണൂര്‍ പാര്‍ലമെന്റ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ തെറ്റൊന്നും ഇല്ലെന്നും പ്രതിഷേധമാണ് നടന്നതെന്നുമുള്ള നിലപാടിലാണ് യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

beef youth congress

എന്നാല്‍ സമരരീതിയില്‍ മാന്യതയാകാമെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ എം. ലിജു തുറന്നടിച്ചു. വ്യവസ്ഥാപിതമായ ചില നിയമങ്ങളിവിടെയുണ്ട്. രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ചു മാന്യത പുലര്‍ത്തണമെന്നാണ് അഭിപ്രായം. ചെറുപ്പത്തിന്റെ അപക്വതയിലാകും ഇത്തരമൊരു നടപടിയെന്നും ലിജു പറഞ്ഞു.

രാജ്യത്താകെ ഉയരുന്ന സമരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബാധിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്നും ഇതു സംഘപരിവാറിനെയാണ് സഹായിക്കുകയെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ് എംപി പ്രതികരിച്ചു. വിവേകശൂന്യമായി വകതിരിവില്ലാതെ ചെയ്ത അസംബന്ധങ്ങളും കോപ്രായങ്ങളും സമരങ്ങളെ മൊത്തത്തില്‍ ബാധിക്കുമെന്നും രാജേഷ് കുറ്റപ്പെടുത്തി.

ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തിന്റെ ലംഘനമാണിതെന്നും ബിജെപി ദേശിയ സമിതിയംഗം ശ്രീധരന്‍പിള്ള പറഞ്ഞു. രണ്ടു വിഭാഗത്തിലുള്ള ജനങ്ങളെ സംഘര്‍ഷത്തിലേക്ക് എത്തിക്കുന്നതാണു നടപടി. നിയമപരമായി തെറ്റാണിത്. ഏതുഭക്ഷണം കഴിക്കണമെന്നതു വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പൊതുസ്ഥലത്ത് മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസാണ് കേസെടുത്തിട്ടുള്ളത്.

Top