പൊലീസിലെ ക്രിമിനലുകളുടെ പട്ടിക തയാറാക്കുന്നു; ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന് ഡിജിപി

behra

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാരെ ഘട്ടംഘട്ടമായി ചുമതലയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനമായി. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ പ്രാഥമിക പട്ടിക തയാറാക്കാനും ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കി. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെത്തുമ്പോള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും സര്‍ക്കാര്‍ നിലപാടുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെന്നും ജിജിപി അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് ഏപ്രില്‍ 12ന് ഉത്തരവിട്ടിരുന്നു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡിജിപിയോടും ആഭ്യന്തര സെക്രട്ടറിയോടും കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാന പൊലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 1,129 ഉദ്യോഗസ്ഥരുണ്ടെന്നാണു (2018 മാര്‍ച്ച് വരെയുള്ള കണക്ക്) വിവരാവകാശ രേഖകള്‍ പറയുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 365 പേര്‍ക്കെതിരെ ഗുരുതരമായ സ്വഭാവദൂഷ്യത്തിനു നടപടിയെടുത്തു. സ്ത്രീകളോടു മോശമായി പെരുമാറിയതിന് 74 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

പത്തു ഡിവൈഎസ്പിമാരും, എട്ട് സിഐമാരും, എസ്‌ഐ-എഎസ്‌ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥരും ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. തലസ്ഥാന ജില്ലയിലാണ് പൊലീസിലെ ക്രിമിനലുകള്‍ കൂടുതലുള്ളത്. പൊലീസുകാര്‍ക്കെതിരെ 215 കേസുകള്‍ തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എസ്‌ഐ-എഎസ്‌ഐ റാങ്കിലുള്ള 27 പേരും സിഐ റാങ്കിലുള്ള രണ്ടുപേരും ഡിവൈഎസ്പി-എസി റാങ്കിലുള്ള മൂന്നുപേരും ഉള്‍പ്പെടുന്നു. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്, 125 കേസുകള്‍.

Top