accused statement-Mishel tried to commit suicide by jumping from the terrace

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ മുന്‍പ് ആത്മഹത്യക്കു ശ്രമിച്ചതായി മൊഴി.

പൊലീസ് അറസ്റ്റു ചെയ്ത ക്രോണിനാണ് ഇതുസംബന്ധമായ നിര്‍ണ്ണായക മൊഴി പൊലീസിനു നല്‍കിയത്.

വീട്ടുകാരുമായുണ്ടായ ചില പ്രശ്‌നങ്ങള്‍ മൂലം വീടിന്റെ ടെറസില്‍ നിന്നും ചാടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ക്രോണിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

മിഷേലിനെ കാണാതായ ദിവസം അവസാനമായി സംസാരിച്ച സമയത്ത് താന്‍ ചിലത് തീരുമാനിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച അറിഞ്ഞുകൊള്ളുമെന്നും മിഷേല്‍ പറഞ്ഞതായും ക്രോണിന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ മിഷേലിന്റെ അമ്മയുടെ ഭാഗത്തും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുള്ളതായ വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ക്രോണിനുമായുള്ള തര്‍ക്കത്തിനു ശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അമ്മയെ രണ്ടു തവണ വിളിച്ചിരുന്നു.

അമ്മയെ കാണണമെന്ന ആഗ്രഹത്താലായിരിക്കാം മിഷേല്‍ വിളിച്ചതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ വീട്ടിലേക്ക് ഇപ്പോള്‍ വരേണ്ട എന്ന് അമ്മ പറഞ്ഞതോടെ ദുഃഖം ആരോടും തുറന്ന് പറയാന്‍ പോലും പറ്റാത്ത സാഹചര്യം മിഷേലിനെ ആത്മഹത്യയിലേക്ക് എത്തിച്ചതാകാമെന്നാണ് നിഗമനം.

രണ്ട് വര്‍ഷത്തോളമായി താന്‍ മിഷേലുമായി ഇഷ്ടത്തിലായിരുന്നുവെന്നും കേവലം വെറുമൊരു സൗഹൃദം മാത്രമല്ല, ശരിക്കും പ്രണയം തന്നെയായിരുന്നുവെന്നും ക്രോണിന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവ ദിവസം വൈകുന്നേരത്തോടു കൂടി തന്നെ ക്രോണിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു മിഷേലത്രെ.

ഇതിനു പ്രധാന കാരണം ക്രോണിന്‍ ജോലി ആവശ്യാര്‍ത്ഥം ഛത്തീസ്ഗഡിലേക്ക് പോയ സമയത്ത് കോട്ടയത്ത് മെഡിക്കല്‍ എന്‍ട്രന്‍സിന് മിഷേല്‍ പോയി തുടങ്ങിയിരുന്നു. ഇവിടെ വച്ച് ഒരു യുവാവുമായി അവള്‍ പ്രണയത്തിലായിരുന്നുവെന്നാണ് ക്രോണിന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.

ഇതു സംബന്ധമായി മിഷേലുമായി നിരവധി തവണ ക്രോണിന് വഴക്കിടേണ്ടി വന്നു. രാത്രി രണ്ടു മണിക്ക് പോലും മിഷേല്‍ വാട്‌സ് ആപ്പില്‍ ലൈവായത് കണ്ട ക്രോണിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവത്രെ.

പുതിയ സൗഹൃദം കിട്ടിയതോടെ തന്നോടുള്ള അടുപ്പം മിഷേലിന് കുറഞ്ഞെന്ന തോന്നലും ക്രോണിനുണ്ടായി. തുടര്‍ന്ന് മിഷേലിന്റെ പുതിയ സുഹൃത്തിനെ തേടിപ്പിടിച്ച് ക്രോണിന്‍ അവന്റെ മൊബൈലിലും വിളിച്ചു. തന്റെ കയ്യില്‍ മിഷേലിന്റെ ഫോട്ടോ ഉണ്ടെന്ന് യുവാവ് പറഞ്ഞതോടെ ക്രോണിന്റെ സകല നിയന്ത്രണങ്ങളും വിടുകയായിരുന്നു. മിഷേല്‍ കൊടുക്കാതെ ഫോട്ടോ അവന് കിട്ടില്ലന്നും താന്‍ വഞ്ചിക്കപ്പെടുകയാണെന്ന തോന്നലും ക്രോണിനുണ്ടായി.

തുടര്‍ന്ന് രൂക്ഷമായ തര്‍ക്കങ്ങളാണ് ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായത്.

ഇതിനു ശേഷം വൈകീട്ട് 4.30 ഓടെ മൊബൈല്‍ മിഷേല്‍ ഓഫാക്കുകയായിരുന്നു. മൊബൈല്‍ ഓഫാക്കുന്നതിനു മുന്‍പ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് വന്നോട്ടെ എന്ന് മിഷേല്‍ അമ്മയോട് വിളിച്ച് ചോദിച്ചിരുന്നതായി പിതാവ് തന്നെ പൊലീസുദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.

ക്രോണുമായുണ്ടായ തര്‍ക്കത്തില്‍ മാനസികമായി ആകെ തകരുകയും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയും ആത്മഹത്യ ചെയ്യാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതാകാമെന്നാണ് ലോക്കല്‍ പൊലീസിന്റെ നിഗമനം.

സംഭവദിവസം 57 എസ് എം എസുകള്‍ക്ക് പുറമെ 6 കോളുകളും ക്രോണിന്റെ മൊബൈലില്‍ നിന്നും മിഷേലിന് പോയതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം എല്ലാവരുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന മിഷേലിനെ സംശയദൃഷ്ടിയോടുകൂടിയാണ് ക്രോണിന്‍ കണ്ടിരുന്നതെന്നും ഇതേചൊല്ലി നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും മിഷേലിന്റെ എറണാകുളത്തുള്ള കൂട്ടുകാരിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ക്രോണിന്റെ മൊബൈലില്‍ നിന്നും മിഷേലുമൊത്തിരിക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Top