വൃക്ഷതൈ നടല്‍ ; പ്രചാരണം വസ്തുതാ വിരുദ്ധം. എസ്എഫ്‌ഐക്കെതിരെ എബിവിപി

abvp

തൃശ്ശൂര്‍: പരിസ്ഥിതി ദിനത്തില്‍ കുന്നംകുളം വിവേകാനന്ദ കോളജില്‍ എസ്.എഫ്. ഐയുടെ വൃക്ഷത്തൈ നടല്‍ പരിപാടി തടഞ്ഞുവെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് എ.ബി.വി.പി. കാമ്പസിലുണ്ടായ സംഭവങ്ങളില്‍നിന്ന് ചില ദൃശ്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തും വളച്ചൊടിച്ചും സാമൂഹിക മാധ്യമങ്ങളില്‍ എ.ബി.വി.പിക്കെതിരെ പ്രചാരണം നടത്തുകയായിരുന്നുവെന്നും സംഘടനാ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

പുറത്തുനിന്ന് ഒരാള്‍ക്ക് മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതിയുണ്ടായിരുന്നത്. എന്നാല്‍, പതിനഞ്ചോളം സി.പി.എം. പ്രവര്‍ത്തകര്‍ കാമ്പസില്‍ അതിക്രമിച്ചു കയറി അസഭ്യവര്‍ഷം നടത്തി. ഇവരോട് പുറത്തുപോകാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പുറത്തുനിന്നുള്ളവരെ മാറ്റിനിര്‍ത്തി എസ്. എഫ്.ഐയുടെ വനിതാ നേതാവ് രംഗപ്രവേശം ചെയ്തതും വാദപ്രതിവാദങ്ങള്‍ ഉണ്ടായതും. ഇതുമാത്രം വീഡിയോയില്‍ ചിത്രീകരിക്കുകയും അതിനുമുമ്പ് സി.പി.എം, ഡി.വൈ.എഫ്.ഐ. നേതാക്കള്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങള്‍ മൂടിവെക്കുകയുമാണ് എസ്.എഫ്.ഐ. ചെയ്തതെന്നും എ.ബി.വി.പി. അറിയിച്ചു.

വിദ്യാര്‍ഥികളെ അപമാനിച്ച ഡി. വൈ.എഫ്.ഐക്കാര്‍ക്കെതിരെ കുന്നംകുളം സി.ഐക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങളില്‍ വധ ഭീഷണി മുഴക്കിയവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.എസ്. അനുമോദ്, എം. ശ്രീജേഷ്, സി.ജെ. മഹേഷ്, മിഥുന മോഹന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Top