അബുദാബിയിലെ റോഡുകളില്‍ വേഗപരിധി കടന്നാല്‍ പിഴ

അബുദാബി: അബുദാബിയിലെ റോഡുകളില്‍ ഇന്ന് മുതല്‍ വേഗപരിധി മാറുന്നു. ഇനി മുതല്‍ റോഡരികില്‍ രേഖപ്പെടുത്തിയിരിക്കുന്ന വേഗപരിധിയില്‍ ഇളവുണ്ടാവില്ല. നേരത്തേ റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധിയും വിട്ട് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ പിഴയില്ലാതെ വാഹനമോടിക്കാമായിരുന്നു. എന്നാല്‍, ഇനി മുതല്‍ രേഖപ്പെടുത്തിയ വേഗപരിധി കടക്കുന്ന അതേ മാത്രയില്‍ റോഡിലെ റഡാര്‍ കാമറകള്‍ അമിതവേഗത്തിന് വാഹന ഉടമയെ പിടികൂടി പിഴ നല്‍കും.

നേരത്തേ 60 കിലോമീറ്റര്‍ വേഗത പരിധിയുണ്ടായിരുന്നിടത്ത് 80 കിലോമീറ്ററായി വേഗപരിധി മാറ്റി രേഖപ്പെടുത്തുമെങ്കിലും ഇതിലൂടെ മണിക്കൂറില്‍ 81 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ പോലും അമിതവേഗത്തിന് പിടിയിലാകും. അബുദാബി റോഡുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ മാറ്റം നടപ്പാക്കുന്നത്. അതേസമയം, വേഗപരിധിയിലെ ഇളവ് ഒഴിവാക്കുന്ന പശ്ചാത്തലത്തില്‍ അമിതവേഗത്തിനുള്ള പിഴ ശിക്ഷ പകുതിയായി കുറക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Top