ബാങ്കില്‍നിന്ന് 63.5 കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ 28 പേര്‍ തടവില്‍

ARREST

അബുദാബി: അബുദാബിയിലെ ബാങ്കില്‍ നിന്ന് 63.5 കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ 28 പേര്‍ തടവില്‍. ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ അക്കൗണ്ടുകളില്‍ നിന്ന് സമര്‍ഥമായാണ് സംഘം പണം തട്ടാന്‍ ശ്രമം നടത്തിയത്. ഇന്ത്യ, പാകിസ്താന്‍, അമേരിക്ക,റഷ്യ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. പ്രധാന പ്രതികളായ എട്ടുപേര്‍ക്ക് 15 വര്‍ഷം വീതവും 10 പേര്‍ക്ക് 10 വര്‍ഷം വീതവുമാണ് തടവുശിക്ഷ വിധിച്ചത്.

സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ സഹായിച്ച സംഘത്തിലുണ്ടായിരുന്ന ബാക്കി ഒന്‍പതുപേര്‍ക്ക് ഏഴുവര്‍ഷം വീതവും ശിക്ഷ വിധിച്ചു. പ്രതിചേര്‍ക്കപ്പെട്ട ബാക്കിയുള്ളവര്‍ കോടതിയില്‍ നിരപരാധിത്വം തെളിയിച്ച് ശിക്ഷയില്‍ നിന്ന് ഒഴിവായി. ബാങ്കില്‍ നിന്നും തട്ടിയെടുത്ത 90 ലക്ഷം ദിര്‍ഹം തിരിച്ചേല്‍പ്പിക്കാന്‍ പ്രതികളോട് കോടതി ആവശ്യപ്പെട്ടു. ഇതോടൊപ്പം മോഷ്ടിക്കാന്‍ ശ്രമിച്ച പണത്തിന് തുല്യമായ 63.5 കോടി ദിര്‍ഹം പിഴയും ഇവര്‍ക്ക് ചുമത്തിയിട്ടുണ്ട്.

കോടതി ഇടപാടുകള്‍ക്കും നിയമനടപടികള്‍ക്കുമായി ചെലവഴിച്ച 21000 ദിര്‍ഹം ബാങ്കില്‍ കെട്ടിവെക്കാനും ഉത്തരവുണ്ട്. ബാങ്കില്‍ നിന്നും വെട്ടിപ്പ് നടത്തിയത് അറിഞ്ഞയുടന്‍ നടത്തിയ പരിശോധനയുടെ ഭാഗമായി 62.5 കോടി ദിര്‍ഹം സി.ഐ.ഡി. വകുപ്പിന്റെ സഹായത്തോടെ അബുദാബി ഫിനാന്‍ഷ്യല്‍ പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. 2017 ജൂണിലാണ് പ്രതികള്‍ പിടിയിലാവുന്നത്. സംഘാംഗമായ ബാങ്ക് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നത്.

Top