യുവഗായകന്‍ അഭിജിത്തിന്റെ പാട്ടിന് അന്താരാഷ്ട്ര പുരസ്‌കാരം

abhijith vijayan

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്വരത്തോട് സാമ്യമുണ്ട് എന്നതിനാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിഷേധിക്കപ്പെട്ട യുവഗായകന്‍ അഭിജിത്ത് വിജന് അന്താരാഷ്ട്ര പുരസ്‌കാരം. ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്ത് നേടിയത്. ജയറാമിന്റെ ആകാശമിഠായി എന്ന ചിത്രത്തിലെ പാട്ടിനാണ് അഭിജിത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ആകാശപ്പാല കൊമ്പത്ത് എന്നു തുടങ്ങുന്ന ഗാനമാണ് അവാര്‍ഡിന് അര്‍ഹമായത്.

അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും, പിന്തുണച്ച ജയറാമിനും, സംഗീത സംവിധായകന്‍ മന്‍സൂര്‍ അഹമ്മദ്, സംവിധായകന്‍ പദ്മകുമാര്‍, നിര്‍മ്മാതാവ് സുബൈര്‍ എന്നിവര്‍ക്കും അഭിജിത്ത് നന്ദി അറിയിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പിന്തള്ളപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെയാളുകളാണ് അഭിജിത്തിന് പിന്തുണ അറിയിച്ച് എത്തിയത്. ഒരാള്‍ക്ക് ജന്മനാ ലഭിച്ച സ്വരത്തിന് മറ്റൊരു ഗായകന്റെ സ്വരത്തിനോട് സാമ്യമുണ്ടായാല്‍ അതില്‍ പിഴവ് എന്താണ് എന്നായിരുന്നു അന്ന് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ ചോദ്യം.

Top