aap-election commission notice

ന്യൂഡല്‍ഹി: ലാഭകരമായ പദവി വഹിക്കുന്നെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ അടക്കം ഭരണക്ഷിയായ ആം ആദ്മി പാര്‍ട്ടിയിലെ 27 അംഗങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

എം.എല്‍.എമാര്‍ ആദായകരമായ പദവി വഹിക്കുകയാണെന്നും അതിനാല്‍ ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

സ്പീക്കര്‍ രാം നിവാസ് ഗോയല്‍, ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ല, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ബണ്ഡാന കുമാരി, എ.എ.പി മുന്‍ എം.എല്‍.എയും സ്വരാജ് അഭിയാന്‍ നേതാവുമായ പങ്കജ് പുഷ്‌കര്‍ എന്നിവരും ഉള്‍പ്പെടുന്നു.

ജൂണിലാണ് രാഷ്ട്രപതിക്ക് മുമ്പാകെ പരാതി സമര്‍പ്പിക്കപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ മാസം പരാതി കമ്മിഷന് കൈമാറുകയായിരുന്നു. നവംബര്‍ 11നകം നോട്ടീസിന് മറുപടി നല്‍കാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസാധതയില്ലാതെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ‘രോഗി കല്യാണ്‍ സമിതി’കളുടെ ചെയര്‍പേഴ്‌സണ്‍ പദവികള്‍ എം.എല്‍.എമാര്‍ വഹിക്കുന്നതായി പരാതിയില്‍ പറയുന്നു.

അതാത് മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ ചെയര്‍മാന്മാരായാണ് ഡല്‍ഹി സര്‍ക്കാര്‍ സമിതികള്‍ തുടങ്ങിയത്. മുന്‍ സര്‍ക്കാരോ ഇപ്പോഴത്തെ സര്‍ക്കാരോ രൂപം കൊടുത്ത സമിതികള്‍ക്ക് നിയമ സാധുതയില്ലെന്നാണ് പരാതിക്കാരന്റെ പ്രധാന വാദം.

Top