AAP activist against corruption-police arrested and jailed Parappanangadi

മലപ്പുറം: അഴിമതിക്കെതിരെ ശബ്ദിച്ച ആം ആദ്മി പ്രവര്‍ത്തകനെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. പരപ്പനങ്ങാടി തോട്ടത്തില്‍ അബ്ദുറഹീമിനാണ് നഗരസഭയുടെയും പോലീസിന്റെയും അഴിമതിക്കെതിരെ നിലപാടെടുത്തതിന് ജയിലില്‍പോകേണ്ടി വന്നത്.

പരപ്പനങ്ങാടി രണ്ടാം റെയില്‍പാതയിലേക്കുള്ള കോണ്‍ക്രീറ്റ് പാതയുടെ നിര്‍മ്മാണത്തിലെ അഴിമതി ചോദ്യം ചെയ്തതിനാണ് നഗരസഭാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.

18 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയില്‍ അഞ്ചു ലക്ഷത്തിന്റെ പ്രവൃത്തിപോലും നടക്കാത്തതാണ് റഹീം ചോദ്യം ചെയ്തത്. ഇതോടെ നഗരസഭാ സെക്രട്ടറി ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപെടുത്തിയെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നേരത്തെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ ചീനിമരം ഫോറസ്റ്റ് വകുപ്പിന്റെ അനുമതിയില്ലാതെ മുറിച്ചു മാറ്റാന്‍ പോലീസ് നടത്തിയ ശ്രമം അബ്ദുറഹീം ഇടപെട്ട് തടഞ്ഞിരുന്നു. പരാതി നല്‍കിയതോടെ ജില്ലാ ഭരണകൂടം പോലീസിന്റെ മരംമുറി തടയുകയായിരുന്നു. ഇതിലെ വൈരാഗ്യമാണ് കോടതി ഒഴിവു ദിവസത്തിനു തൊട്ടുമുമ്പ് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത്.

അബ്ദുറഹീമിന്റെ അറസ്റ്റിനെതിരെ പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവരാവകാശ പ്രവര്‍ത്തകര്‍ നാളെ പരപ്പനങ്ങാടിയില്‍ പ്രക്ഷോഭകൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്.

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പൊതുപ്രവര്‍ത്തകനെ സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം പോലും ലംഘിച്ച് അറസ്റ്റു ചെയ്ത് ജയിലിലടച്ച പോലീസ് നടപടി ആശങ്കാജനകമാണെന്ന് പി.യു.സി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എ പൗരന്‍ പറഞ്ഞു.

അറസ്റ്റു ചെയ്ത വിവരം അബ്ദുറഹീമിന്റെ ബന്ധുക്കളെയോ അഭിഭാഷകനെയോ പോലും അറിയിച്ചിരുന്നില്ല. അറസ്റ്റ് സംബന്ധിച്ച വ്യക്തമായ വിവരം പോലും നല്‍കാന്‍ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Top