ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി;കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി 20 എംഎല്‍എമാര്‍ക്ക് എതിരായ പരാതിയില്‍ വാദം കേള്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ നസിം സെയ്ദി സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇരട്ടപ്പദവി വിവാദത്തില്‍ കുടുങ്ങിയ എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി ഈ തീരുമാനം വന്നിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി 20 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതിനു പുറകെ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്നയാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പരാതി.

കേസില്‍ നിന്നും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ ഒഴിവാക്കിയിരുന്നു.

ആരോപണവിധേയരായ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചാല്‍, ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിനു പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മീഷനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടു വരെയാണ് എഎപി എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവിക്കുന്നത്.

ഡല്‍ഹി കേന്ദ്രഭരണ പ്രദേശമാണെന്നും ലഫ്. ഗവര്‍ണറാണു ഭരണാധികാരിയെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

ലഫ്. ഗവര്‍ണറുടെ അനുമതിയില്ലെന്ന കാരണത്താല്‍ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് 2016 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ജി.രോഹിണി അധ്യക്ഷയായ ബെഞ്ചാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്.

Top