ഇവരെയൊക്കെ ‘ശരിയാക്കാന്‍’ പിണറായി ‘മോഡല്‍’ ഭരണം തന്നെ നടപ്പാക്കണമെന്ന് . .

ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തിയ കേരള മുഖ്യമന്ത്രി പിണറായിയുടെ രീതി നടപ്പാക്കാന്‍ സ്വയംഭരണം ലഭിച്ചേ തീരുവെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം.

ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടുപടിക്കല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മന്ത്രിമാരും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം.

ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നിയമവിരുദ്ധമായി നിസഹകരണം നടത്തുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ‘ കളിക്കുകയാണ് ‘ ഇതിനെല്ലാം പിന്നില്‍ ബി.ജെ.പിയാണ്. വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ പദ്ധതി അട്ടിമറിക്കുന്ന നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

സ്വയം ഭരണം ഉണ്ടായിരുന്നുവെങ്കില്‍ ഒരു ഉദ്യോഗസ്ഥനും സര്‍ക്കാറിനെ വെല്ലുവിളിക്കില്ലായിരുന്നു. കേരളത്തില്‍ കലാപക്കൊടി ഉയര്‍ത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഓടിച്ച് വിട്ട മുഖ്യമന്ത്രി പിണറായിയുടെ നിലപാട് ചൂണ്ടിക്കാട്ടി പ്രമുഖ നേതാവ് പ്രതികരിച്ചു. ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്താന്‍ പിണറായി ‘മോഡല്‍’ തന്നെയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട പരാതികള്‍ പറയാന്‍ എത്തിയ ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരോട് പിണറായി രൂക്ഷമായി പ്രതികരിച്ചത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു.

കേരളം, ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് കണ്ണിലെ ‘കരട് ‘

കേരളത്തിലും ബംഗാളിലും നടപ്പാക്കാന്‍ പേടിക്കുന്നത് ഡല്‍ഹിയില്‍ ചെയ്യുന്നത് സ്വയം ഭരണാവകാശം ഇല്ലാത്തതിനാലാണ് അതുകൊണ്ട് തന്നെ ഇനിയുള്ള പോരാട്ടം അതിനു വേണ്ടിയുള്ളതാണെന്നും ആം ആദ് മി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു.

അതേസമയം ഡല്‍ഹിയിലെ പ്രതിസന്ധി രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ രംഗത്ത് വന്നു. വാജ് പേയി ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഈ പ്രതിസന്ധിക്ക് എപ്പോഴേ പരിഹാരമുണ്ടാക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ സമരം പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലേക്ക് മാറ്റാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചത് ഡല്‍ഹിയെ സംഘര്‍ഷഭരിത അന്തരീക്ഷത്തിലേക്ക് മാറ്റുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ചാണ് ഡല്‍ഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നിസഹകരണം തുടങ്ങിയത്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യത്തിന്‍മേല്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മുഖം തിരിച്ചത് ഭരണസ്തംഭനത്തിന് തന്നെ കാരണമായി. ലഭിച്ച ‘അവസരം’ കേന്ദ്ര സര്‍ക്കാര്‍ ശരിക്കും ഉപയോഗിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ വീട്ടില്‍ മുഖ്യമന്ത്രിയും സഹമന്ത്രിമാരും നിരാഹാരം തുടങ്ങിയത്.

ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നിരാഹാര സമരം ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

റിപ്പോര്‍ട്ട്: ടി.അരുണ്‍ കുമാര്‍

Top