ആധാറിലെ നീതിയില്ലായ്മ സാധാരണക്കാരെ വലയ്ക്കുമ്പോൾ . . ഓർമ്മയിൽ സന്തോഷി . .

Aadhaar

ധാര്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ്. ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തത് മൂലം പട്ടിണി കിടന്ന് സന്തോഷി എന്ന പതിനൊന്നുകാരി ജാര്‍ഖണ്ഡില്‍ മരിച്ചത് അടുത്തയിടെയാണ്. സിംടേഖ് ജില്ലയിലാണ് സംഭവം നടന്നത്. ഭക്ഷണത്തിന് വേണ്ടി അവള്‍ ചോദിച്ചെങ്കിലും അവള്‍ക്ക് നല്‍കാന്‍ ഒരു പിടി അരിപോലും വീട്ടിലുണ്ടായിരുന്നില്ലെന്ന് സന്തോഷിയുടെ മാതാവ് വ്യക്തമാക്കുന്നു.

റേഷന്‍ കാര്‍ഡുമായി കടയിലെത്തിയെങ്കിലും ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ കാര്‍ഡ് റദ്ദാക്കിയതായി കടയുടമ സന്തോഷിയുടെ മാതാവിനോട് വെളിപ്പെടുത്തിയിരുന്നു. ഇതുപോലെ പലയിടത്തും ആധാറുമായി ബന്ധപ്പെട്ട് പട്ടിണി മരണങ്ങള്‍ നടന്നു കഴിഞ്ഞു. ജാര്‍ഖണ്ഡിലെ മാറാണ്ടിയിലും, ഉത്തര്‍ പ്രദേശിലെ ബറേലിയിലും ഇതേ സംഭവം തന്നെയാണ് ആവര്‍ത്തിച്ചത്.

മോദി അധികാരത്തിലെത്തിയപ്പോള്‍ അഴിമതിക്കെതിരെ പോരാടുമെന്നും, സാധാരണക്കാര്‍ക്ക് ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഉറപ്പും നല്‍കിയിരുന്നു. അതേ സമയം അഴിമതി ചെറുക്കാനും മറ്റു ഫലപ്രദമായ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി നിരവധി കാര്യങ്ങള്‍ ഉണ്ടെന്നിരിക്കെ ‘ആധാറാണ്’ എല്ലാത്തിനും മുകളില്‍ എന്ന രീതി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് വലിയൊരു മണ്ടത്തരമാണ്.

ആധാര്‍ നടപ്പില്‍ വരുത്തിയിട്ടും തട്ടിപ്പുകള്‍ക്ക് കുറവ് ഉണ്ടായിട്ടില്ല. റേഷന്‍ വിതരണത്തില്‍ പഴയപോലെ തന്നെ അഴിമതി നിലനില്‍ക്കുന്നു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ, അല്ലെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ട റേഷന്‍ വിതരണം ചെയ്യാന്‍ പലപ്പോഴും റേഷന്‍ ഉടമകള്‍ തയാറാകുന്നില്ല. സാധാരണക്കാര്‍ക്ക് റേഷന്‍ ഉത്പ്പന്നങ്ങള്‍ കിട്ടുന്നില്ല എന്നു തന്നെ പറയാം അതേസമയം ഉള്ളവന് തന്നെ വീണ്ടും വീണ്ടും ആനൂകൂല്യങ്ങള്‍ ലഭ്യമാകുന്നുവെന്നതും പലപ്പോഴും തെളിഞ്ഞതാണ്.

പലപ്പോഴും റേഷന്‍ കടകളില്‍ലെത്തുന്ന ധാന്യങ്ങള്‍ കടയുടമ പൂഴ്ത്തിവയ്ക്കുകയാണ്. ഇത് പിന്നീട് അടുത്ത സ്റ്റോക്ക് വരുമ്പോള്‍ പഴയവ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും, പുതിയവ വലിയ പൈസയ്ക്ക് പുറത്ത് വില്‍പ്പന നടത്തുകയും ചെയ്യുന്നു.

ആധാറിനാല്‍ അഴിമതിയെ ഒന്നും ചെയ്യാനാവില്ല. കൂടുതല്‍ സുതാര്യതയും, വ്യക്തമായ ഇടപ്പെടല്‍ കൂടി നടപ്പാക്കുമ്പോള്‍ മാത്രമേ അഴിമതി തുടച്ചു നീക്കാന്‍ സാധ്യമാകൂ. ആധാറുമായി റേഷന്‍ കാര്‍ഡിനെ നിര്‍ബന്ധിതമായി ബന്ധിപ്പിക്കുമ്പോള്‍ നഷ്ടമാകുന്നത് നാഷണല്‍ ഫുഡ് സെക്യൂരിറ്റി ഉറപ്പാക്കുന്ന ആനൂകൂല്യങ്ങളാണ്. ആധാര്‍ കാര്‍ഡില്ലാത്ത ഒരാള്‍ക്ക് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ സാധിക്കുന്നില്ല. അതേസമയം ആധാര്‍ ഉണ്ടെങ്കിലും അത് കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. പലപ്പോഴും സാധാരണക്കാര്‍ ഇവിടെ വിഡ്ഡിയാക്കപ്പെടുകയാണ്. കാര്‍ഡ് ബന്ധിപ്പിക്കാത്തവരെ വ്യാജനെന്നും മുദ്രകുത്തപ്പെടുകയാണ് പലയിടങ്ങളിലും.

2017 ഫെബ്രുവരിയില്‍ ആധാര്‍ നടപ്പാക്കിയതോടെ രണ്ടര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ ലാഭിച്ചത് 4 കോടിയോളം രൂപയാണ്. ഇതില്‍ 3.95 വ്യജ റേഷന്‍ കാര്‍ഡുകളാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. അതേസമയം ഇതുമായി ബന്ധപ്പെട്ട വ്യാജബാങ്കുകളെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ മോദി തയാറായിരുന്നില്ല. ആധാര്‍മൂലം പല വ്യജരേഖകളും കണ്ടെത്താന്‍ സാധിച്ചെന്നും ഇതില്‍ 2.33 കോടി വ്യജ റേഷന്‍ കാര്‍ഡുകള്‍ പുന: പരിശോധനയ്ക്കായി നല്‍കിയതായും സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ വിവരവകാശം നിയമ പ്രകാരം പല സംസ്ഥാനങ്ങളും പുറത്ത് വിട്ട് പല വിവരങ്ങളും കേന്ദ്ര ഭക്ഷ്യമന്ത്രി നല്‍കിയ റിപ്പോര്‍ട്ടുകളുമായി പൊരുത്തപ്പെടുന്നില്ല. ഒഡീഷയില്‍ 7 ലക്ഷം വ്യാജ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയെന്ന് ആരോപിച്ചപ്പോള്‍, സംസ്ഥാനത്ത് വ്യാജ റേഷന്‍ കാര്‍ഡ് ഇല്ലെന്നാണ് സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി റിപ്പോര്‍ട്ട് നല്‍കിയത്. ജാര്‍ഖണ്ഡ് സംസ്ഥനത്ത് 8000, വ്യാജ റേന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് കേന്ദ്ര മന്ത്രി ഉന്നയിച്ചപ്പോള്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് സംസ്ഥാന വകുപ്പ് മന്ത്രി അറിയിച്ചത്.

ഇതില്‍ നേടിയ ലാഭം 14,000 കോടിയായിരുന്നെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇടനിലക്കാരനില്ലാതെ ആധാര്‍ ജനങ്ങളില്‍ നേരിട്ടെത്തിക്കാന്‍ കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേ സമയം കള്ളപ്പണം പിടിച്ചെടുത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കാന്‍ താത്പര്യം കാണിച്ചില്ല.

2017ലെ ഹങ്കര്‍ ഇന്‍ഡക്‌സ് ആഗോള റാങ്കിങ്ങില്‍ 119 രാജ്യങ്ങളില്‍ നൂറാം സ്ഥാനത്താണ് ഇന്ത്യ. അത്യാവശ്യ ഭക്ഷ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിനു പകരം ഏറ്റവും ദുര്‍ബലമായ മാറ്റങ്ങള്‍ ഒഴിവാക്കുന്ന സമ്പ്രദായങ്ങളെ സ്വീകരിക്കാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇല്ലെന്ന് തന്നെ പറയാം കാരണം രാജ്യത്തെ അഴിമതി നീക്കം ചെയ്യാനുള്ള തയാറെടുപ്പുമാത്രമാണിപ്പോള്‍ രാജ്യത്ത് നടപ്പാക്കുന്നത്. സാധാരണക്കാരന്റെ വയറെരിയുന്നതോ, അവിടെ പട്ടിണി മരണം നടക്കുന്നുണ്ടൊയെന്നോ ഒരു പ്രധാന കാര്യമല്ലാതായി മാറിയിരിക്കുകയാണ്.

അതുപോലെ സ്വകാര്യത മൗലികാവകാശമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചുകഴിഞ്ഞു. എന്നു പറഞ്ഞാല്‍ സ്വകാര്യതയെ ഇനി ചോദ്യം ചെയ്യാന്‍ പറ്റില്ല എന്നു തന്നെയാണ്. ആ പശ്ചാത്തലത്തില്‍ വേണം ആധാര്‍ നടപ്പാക്കുന്നതിനെ നോക്കിക്കാണേണ്ടത്. ആധാര്‍ വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന ചോദ്യം കോടതിയുടെ പരിഗണനയില്‍ നില്‍ക്കുകയാണ്. എന്നിട്ടും ആധാറുമായി മൊബൈല്‍ സിം കാര്‍ഡുകളും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാണ്.

അടുത്ത മാര്‍ച്ച് 31 വരെയാണ് സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി. ആധാറുമായി എയര്‍ടെല്‍ ബന്ധിപ്പിച്ചപ്പോള്‍ ഉപയോക്താക്കളുടെ പണം എയര്‍ടെല്ലുകാര്‍ അടിച്ചുമാറ്റിയതും ഈയടുത്ത കാലത്തു തന്നെയാണ്. ഇതുപോലെ ഇനിയെത്ര കാര്യങ്ങള്‍ വരാന്‍ പോകുന്നു. പണം കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു പോകുന്നു, പ്രശസ്തരുടെ ആധാര്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപിച്ചതും ആധാറിന്റെ തുടക്കത്തിലാണ്.

റിപ്പോര്‍ട്ട് : സുമി പ്രവീണ്‍

Top