ആധാര്‍ കാര്‍ഡ് – പാന്‍ കാര്‍ഡ്‌ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജൂലൈ ഒന്നിനകം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം.

ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ ആദായ നികുതി അടയ്ക്കാനാവില്ലെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.

ഇനി മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നവര്‍ ആധാര്‍ നമ്പര്‍ കൂടി നല്‍കേണ്ടി വരും. ആദായ നികുതി നിയമം ഭേദഗതി ചെയ്തും, വിജ്ഞാപനം പുറപ്പെടുവിച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ കര്‍ശനമാക്കിയത്.

ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത ഇല്ലാതാക്കാനാണ് സര്‍ക്കാറിന്റെ നീക്കം. നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ സുപ്രീംകോടതി ശരി വച്ചിരുന്നു.

എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭാഗികമായി തടയുകയും ചെയ്തിരുന്നു. ഭരണഘടനാ ബഞ്ച് വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെയായിരുന്നു സ്റ്റേ.

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി തരണമെന്ന് കേരള സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ക്കു പ്രയാസം നേരിടുന്നതായി ഐടി മിഷന്‍ സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കിയതിനെത്തുടര്‍ന്നാണു നടപടി.

Top