ആധാര്‍ വിവര ചോര്‍ച്ച: അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി വരുന്ന പുതിയ കാര്യങ്ങളെ സ്വകാര്യതയുടെ പേരില്‍ ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വ്യാവസായിക വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാതെപോയത് ലൈസന്‍സ് രാജ് മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. യാത്ര ചെയ്യുകയെന്നത് വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ വിമാനം അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്രചെയ്യുമ്പോള്‍ എല്ലാം രേഖപ്പെടുത്തപ്പെടുന്നു.

ഭക്ഷണശാലയില്‍നിന്ന് ഭക്ഷണം കഴിച്ചാലും ബില്ലായി തെളിവ് അവശേഷിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യതയ്ക്ക് അമിത പ്രാധാന്യം നല്‍കരുത്. ആരോഗ്യ വിവരങ്ങളും ബാങ്ക് രേഖകളും കര്‍ശനമായും സ്വകാര്യ വിവരങ്ങളായിരിക്കും. നിരവധി വ്യാജ അക്കൗണ്ടുകളും വ്യാജ അധ്യാപകരെയും ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനായെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Top