സി.പി.ഐ നന്മയുടെ പ്രതീകമായി ചമയണ്ട, തുറന്നടിച്ച് എ.എന്‍ ഷംസീര്‍ എം.എൽ.എ . .

തിരുവനന്തപുരം: സി.പി.എമ്മിനെ തിന്‍മയുടെ പ്രതീകമായും സി.പി.ഐയെ നന്‍മയുടെ പ്രതീകമായും ചിത്രീകരിക്കുന്ന സി.പി.ഐ നീക്കത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ എ.എന്‍ ഷംസീര്‍ രംഗത്ത്.

മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ വിട്ടുനിന്നത് തെറ്റായ നടപടിയാണ്. ഒരു കാരണവശാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

എന്‍.സി.പി ചെറിയ ഒരു പാര്‍ട്ടിയാണ് ആ പാര്‍ട്ടിയുടെ മന്ത്രിക്ക് രാജിവക്കുന്നതിന് മുന്‍പുള്ള മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് എന്തിനാണ് ശഠിക്കുന്നത്.

ഇന്ന് തോമസ് ചാണ്ടി രാജിവക്കും എന്ന് ഏത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. പിന്നെ എന്തിനാണ് ഈ നാടകം കളിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ട്രെന്‍ഡ് കിട്ടുമോ എന്ന് സി.പി.ഐ നോക്കിയതാണെന്നും ഷംസീര്‍ പരിഹസിച്ചു.

സി.പി.ഐയുടെ കയ്യിലുള്ള നാല് വകുപ്പിനെ കുറിച്ച് ഞങ്ങളും പറയാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി?

പലതും തങ്ങള്‍ക്ക് പറയാന്‍ ഉണ്ടെന്നും ഷംസീര്‍ മുന്നറിയിപ്പ് നല്‍കി.

ചാനലുകാർക്ക് സർക്കാറിനെ കൊത്തി പറിക്കാൻ ഇട്ടു കൊടുക്കുന്നത് മുന്നണി മര്യാദയല്ല. ഇക്കാര്യം ഉന്നത സി.പി.ഐ നേതൃത്വം പരിശോധിക്കണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു.

സി.പി.ഐ മന്ത്രിക്കെതിരെ വി.എസിന്റെ ഭരണകാലത്ത് ആരോപണം വന്നപ്പോള്‍ ഞങ്ങള്‍ മന്ത്രിസഭയില്‍ പങ്കെടുക്കാതിരുന്നിട്ടില്ല.

കൂട്ട് ഉത്തരവാദിത്വമാണ് ഉണ്ടാവേണ്ടിയിരുന്നത്. മര്യാദകേടാണ് സി.പി.ഐ കാണിച്ചത്.

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ നേതാവ് വി.ബി ബിനുവിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ഷംസീര്‍.

Top