‘മോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നത്’, എ.കെ. ആന്റണി

antony

ന്യൂഡല്‍ഹി: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.

മോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന സീതാറാം യെച്ചൂരിയുടെ നിലപാട് സി.പി.എം കേന്ദ്രകമ്മിറ്റി തള്ളിയതിനെക്കുറിച്ചായിരുന്നു പ്രതികരണം.

കോണ്‍ഗ്രസുമായി സഹകരിക്കുന്നത് തടയുന്നതിന് സിപിഎം കേന്ദ്രകമ്മിറ്റിയെക്കൊണ്ട് തീരുമാനം എടുപ്പിച്ചതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളാണാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തേക്കാള്‍ സിപിഎം ഇഷ്ടപ്പെടുന്നത് മോദി ഭരണത്തേയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് എംപിമാരെ കുറയ്ക്കാന്‍ സിപിഎമ്മിനും ബിജെപിക്കും ഒരേമനസാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യമായി ആക്രമിക്കുകയും രഹസ്യമായി പരസ്പരം സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്കെതിരായി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി സഖ്യം വേണമെന്ന യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യമാണ് സി.പി.എം കേന്ദ്ര കമ്മിറ്റി നിരാകരിച്ചത്. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിനാണ് കേന്ദ്ര കമ്മിറ്റിയില്‍ പ്രാമുഖ്യം ലഭിച്ചത്.

Top