വരുന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ കോടിയേരിയുടെ കസേരയും തെറിക്കും…!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാഷ്ട്രീയപരമായ തിരിച്ചടിയാകും.

കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്ത കോടിയേരി ബാലകൃഷ്ണന് അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വി നേരിട്ട് ബാധിക്കാതെയിരുന്നത് അവിടെ തെരഞ്ഞെടുപ്പ് ചുമതല പിണറായിക്കും പ്രചാരണ ചുമതല വി.എസ്. അച്ചുതാനന്ദനും ആയതിനാലാണ്.

പാര്‍ട്ടി സെക്രട്ടറിയായതിനുശേഷം സംഘടനാ സംവിധാനമാകെ ഉപയോഗിച്ച് നടത്തിയ ജനകീയ പ്രതിരോധത്തിലും പ്രഖ്യാപിച്ചതിന്റെ പകുതി ആളുകളാണ് പങ്കെടുത്തിരുന്നത്.

രാഷ്ട്രീയപരമായും സംഘടനാപരമായും സി.പി.എം ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെയും മുന്നണിയേയും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നിലെത്തിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞില്ലെങ്കില്‍ നേതൃമാറ്റമടക്കമുള്ള അഴിച്ച് പണിക്ക് സി.പി.എം നേതൃത്വം നിര്‍ബന്ധിതമാകുമെന്നാണ് സൂചന.

മുന്‍പ് തീപ്പൊരി നേതാവായിരുന്ന എം.വി. രാഘവനെ സി.പി.എം. പുറത്താക്കിയപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള ചുമതല ജില്ലാസെക്രട്ടറിയായി നിയമിതനായ കോടിയേരിക്കായിരുന്നു.

ബദല്‍ രേഖ വിവാദത്തില്‍ പാര്‍ട്ടി നേരിട്ട അന്നത്തെ വെല്ലുവിളി ചെറുത്ത് മുന്നോട്ട് പോവാന്‍ രാഘവന്റെ തട്ടകമായ കണ്ണൂരില്‍ കോടിയേരിയുടെ നേതൃത്വത്തില്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നു.

ഇപ്പോള്‍ പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന വി.എസ്. അച്ചുതാനന്ദന്‍ ഇറങ്ങിപ്പോയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയായ കോടിയേരി വിഭാഗീയമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വി.എസിന്റെയും പരാതി.

വി.എസിന് മറുപടി നല്‍കാന്‍ പാര്‍ട്ടി പ്രമേയം പത്രസമ്മേളനത്തില്‍ വായിച്ച കോടിയേരി, പക്ഷേ നിയമസഭയില്‍ വി.എസുമായി യോജിച്ചാണ് മുന്നോട്ട് പോയിരുന്നത്. പരസ്പരം തള്ളി പറയുകയും പിന്നീട് യോജിക്കുകയും ചെയ്യുന്ന ‘അഭിനവ കമ്മ്യൂണിസ്റ്റ് രീതി’ അരുവിക്കരയില്‍ വിലപോവാഞ്ഞതാണ് ഇടത് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലെ ഒരു പ്രധാന കാരണം.

പിണറായി വിജയനെയും വി.എസ്. അച്ചുതാനന്ദനെയും ഒരേ വേദിയില്‍ പ്രചാരണത്തിന് കൊണ്ടുവരാന്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി മുന്‍കൈ എടുക്കാത്തതില്‍ സി.പി.എം. കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്.

വി.എസിന്റെ ജനകീയ പിന്‍തുണയെ ഇകഴ്ത്തിക്കാണിക്കാന്‍ പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വോട്ടര്‍മാരിലെ ഒരു വിഭാഗത്തെ പാര്‍ട്ടിക്കെതിരായി തിരിക്കാന്‍ കാരണമായതായാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ കരുതുന്നത്.

പാര്‍ട്ടിയിലെ ചേരിപ്പോരില്‍ മനംമടുത്ത ഈ വിഭാഗം, ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യേണ്ട സാഹചര്യം ഇനിയും ആവര്‍ത്തിച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന മുറിയിപ്പ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് ഇതിനകം നല്‍കിയിട്ടുണ്ട്.

ബംഗാളില്‍ ഭരണം നഷ്ടപ്പെട്ട സി.പി.എമ്മിനെ സംബന്ധിച്ച് കേരളത്തില്‍ അധികാരം പിടിക്കേണ്ടത് നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്.

അരുവിക്കര തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആര്‍.എസ്.പി, ജനതാദള്‍ (യു) കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം എന്നീ മുന്‍ ഘടക കക്ഷികളെ തിരികെ കൊണ്ടുവരാന്‍ പാര്‍ട്ടി സെക്രട്ടറി മുന്‍കൈ എടുക്കാത്തതില്‍ കേന്ദ്ര നേതൃത്വത്തിന് മാത്രമല്ല കേരളത്തിലെ സി.പി.എം. നേതാക്കള്‍ക്കിടയിലും ശക്തമായ എതിര്‍പ്പുണ്ട്.

പുറത്തുപോയ ഘടക കക്ഷികളെ തിരികെ കൊണ്ടുവരാന്‍ വി.എസ്. ഇടപെടല്‍ നടത്തിയത് കൊണ്ടു മാത്രമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഈ നീക്കത്തെ നിരുല്‍സാഹപ്പെടുത്തിയതെന്നാണ് വിമര്‍ശനം.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ യു.ഡി.എഫിലെ ഈ ഇടത് സഹയാത്രികര്‍ മടങ്ങിവരാനുള്ള സാധ്യത അടയുകയും യു.ഡി.എഫിന് തുടര്‍ ഭരണ സാധ്യത വര്‍ദ്ധിച്ചതും പാര്‍ട്ടി അണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഇടത്പക്ഷ മുന്നണിയില്‍ സി.പി.എമ്മിന് പുറമെ ചില ജില്ലകളില്‍ സി.പി.ഐക്ക് മാത്രമേ സ്വാധീനമുള്ളു എന്നതാണ് ഇടത് മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി.

ജനതാദള്‍, എന്‍.സി.പി തുടങ്ങിയ ചെറുകക്ഷികള്‍ക്ക് ഒരു ബസില്‍ കയറ്റാനുള്ള ആളുകള്‍ പോലും സംസ്ഥാനത്തില്ലെന്നാണ് സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ പരിഹസിക്കുന്നത്. ഈ മുന്നണി സംവിധാനമുപയോഗിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കയറാന്‍ പറ്റില്ലെന്ന് ഉറപ്പുള്ളതിനാല്‍ മറ്റ് പോംവഴികളും സി.പി.എം. നേതൃത്വം ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്.

എ.പി. വിഭാഗം സുന്നി നേതാവായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി കോടിയേരിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഇതിന്റെ ഭാഗമാണ്.

എസ്.എന്‍.ഡി.പി യോഗം – ബി.ജെ.പി കൂട്ടുകെട്ട് തകര്‍ക്കാന്‍ പ്രാദേശിക തലംമുതല്‍ ശക്തമായ ഇടപെടല്‍ നടത്താനും എസ്.എന്‍.ഡി.പിയില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് മറ്റൊരു നീക്കം.

സി.പി. എമ്മിന്റെ വോട്ട് ബാങ്കായ പിന്നോക്ക വിഭാഗത്തില്‍ അരുവിക്കര മോഡലില്‍ നുഴഞ്ഞ് കയറാനുള്ള സംഘപരിവാര്‍ നീക്കം തടയാനാണിത്.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് തെറ്റിപ്പിരിഞ്ഞ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീനാരായണ ധര്‍മ്മവേദിയോട് സഹകരിക്കാനും സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും മുന്നിലെത്തിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആര്‍.എസ്.പി, ജനതാദള്‍ (യു), കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം എന്നിവര്‍ യു.ഡി.എഫ് വിട്ട് ഇടത് മുന്നണിയിലെത്തുവാന്‍ സാഹചര്യമൊരുങ്ങുമെന്ന ആത്മവിശ്വാസവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

ഈ കണക്കുകൂട്ടലുകള്‍ എല്ലാം പിഴക്കുകയും പ്രതിപക്ഷ വോട്ട് ഭിന്നിപ്പിലൂടെ യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുകയും ചെയ്താല്‍ പിണറായിയേക്കാള്‍ പാര്‍ട്ടിയില്‍ ‘വില’ കൊടുക്കേണ്ടി വരിക പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിക്കാണ്.

ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത് കോടിയേരിയുടെ സ്ഥാനം തെറിക്കുക മാത്രമല്ല, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ പാര്‍ട്ടിയിലെ അപ്രമാധിത്വവും ചോദ്യം ചെയ്യപ്പെട്ടേക്കും.

അതീവ ഗുരുതരമായ ഈ സാഹചര്യം മുന്നില്‍ കണ്ട് പാര്‍ട്ടി താല്‍പ്പര്യത്തേക്കാള്‍ ജന താല്‍പ്പര്യം മുന്‍നിര്‍ത്തി ഓരോ പ്രദേശത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് സി.പി.എം. കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Top