indian bar owner helps catch new york bombing suspect ahmad khan rahami

ന്യൂയോര്‍ക്ക്: മാന്‍ഹട്ടനിലെ ഭീകരാക്രമണത്തിന്റെ മുഖ്യസുത്രധാരന്‍ അഹമ്മദ് ഖാന്‍ റഹാമിയെ (28) പിടിക്കാന്‍ സഹായിച്ചത് ഒരു ഇന്ത്യന്‍ വംശജന്റെ അവസരോജിതമായ നീക്കം. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ബാര്‍ ഉടമയായ ഹരീന്ദര്‍ ബെയിന്‍സാണ് ഭീകരവാദിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

ന്യൂ ജേഴ്‌സിയിലുള്ള ഹരീന്ദറിന്റെ ബാറിനു മുന്നില്‍ അഹമ്മദ് ഖാന്‍ കിടന്നുറങ്ങുകയായിരുന്നു. അഹമ്മദിനെ കണ്ട ഹരീന്ദര്‍ ആരോ തന്റെ ബാറിനു മുന്നില്‍ കുടിച്ച് ബോധംകെട്ട് കിടക്കുകയാണെന്ന് കരുതി അയാളെ ഉണര്‍ത്താനായി അരികിലേക്ക് ചെന്നു. അരികില്‍ എത്തിയപ്പോഴാണ് താന്‍ അല്‍പ്പം മുന്‍പ് വാര്‍ത്തയില്‍ കണ്ട ഭീകരാക്രമണക്കേസിലെ പ്രതിയാണ് അതെന്ന് ഹരീന്ദര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു.

എന്നാല്‍ പൊലീസ് എത്തിയതോടെ അഹമ്മദ് തന്റെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കാന്‍ തുടങ്ങി.
അഹമ്മദിനെതിരെയും പൊലീസ് നിറയൊഴിച്ചു. ശരീരത്തില്‍ വെടിയേറ്റ് വീണ അഹമ്മദിനെ സ്‌ട്രെച്ചറിലാണ് കൊണ്ടുപോയത്.

ശനിയാഴ്ച രാത്രി എട്ടരയോടെ (ഇന്ത്യന്‍ സമയം ഞായര്‍ രാവിലെ ആറ്) മാന്‍ഹട്ടനിലെ തിരക്കേറിയ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

Top