കര്‍ണ്ണാടകയില്‍ ഏഴ് ജെഡിഎസ് എംഎല്‍എമാര്‍ രാജിവച്ചു; കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കും

jds_rebel

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണ്ണാടകയില്‍ എംഎല്‍എമാരുടെ കൂട്ട രാജി. ഏഴ് വിമത ജെഡിഎസ് എംഎല്‍എമാരാണ് രാജിവെച്ചത്. ഇവര്‍ നാളെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കും.മൈസൂരുവില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരിക്കും ഇവര്‍ അംഗത്വം സ്വീകരിക്കുക.

കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച അഞ്ച് എംഎല്‍എമാരെ കൂടാതെ ഇന്ന് രണ്ടു വിമത ജെഡിഎസ് എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തിരുന്നു. ജെഡിഎസ് ന്യൂനപക്ഷ നേതാവായ സമീര്‍ അഹമ്മദ് ഖാനടക്കമുള്ളവരാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.

നേരത്തെ തന്നെ ഇവര്‍ നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. 2016-ലും പാര്‍ട്ടി നിര്‍ദേശം അവഗണിച്ച് വോട്ട് ചെയ്ത ഈ എംഎല്‍എമാരെ അയോഗ്യരാക്കുനുള്ള ജെഡിഎസിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

Top