നീറ്റ് പരീക്ഷയ്ക്കായി തമിഴ്‌നാട്ടില്‍ 412 പ്രത്യേക പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു

exam

ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയ്ക്കു (നീറ്റ്) വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതിനു 412 പ്രത്യേക പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.

സ്മാര്‍ട്ട് ക്ലാസ് മുറികള്‍, വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം, ചോദ്യ ബാങ്ക് തുടങ്ങിയവ ഉള്‍പ്പെടെ ആയിരിക്കും പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നു വിദ്യാഭ്യാസമന്ത്രി കെ.എ സെങ്കോട്ടയ്യന്‍ അറിയിച്ചു.

ഒരോ വിദ്യാഭ്യാസ ജില്ലയിലും രണ്ടു പരിശീലനകേന്ദ്രങ്ങള്‍ വീതമാകും തുടങ്ങുക.

പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്ന സ്ഥലങ്ങളുടെ കാര്യത്തില്‍ തീരുമാനമായെന്നും ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ചീഫ് എക്‌സാമിനേഷന്‍ ഓഫീസര്‍ മനോഹരന്‍ അറിയിച്ചു.

ചോദ്യ ബാങ്ക് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലെത്തി. ഇംഗ്ലീഷ് കൂടാതെ തമിഴിലും ചോദ്യങ്ങള്‍ ലഭ്യമായിരിക്കുന്നതാണ്. പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

Top