തെരുവ് നായ്ക്കളേക്കാള്‍ വലുത് മനുഷ്യ ജീവന്‍; അവതാരകയുടെ പ്രകടനം അതിരുകടന്നത്

കൊച്ചി: ടി.വി ഷോകളില്‍ നാവിന്റെ ‘പിന്‍ബലത്തില്‍’ ആടി തിമിര്‍ക്കുന്ന അഹങ്കാരത്തിന് ജനപ്രതിനിധികളോട് തട്ടിക്കയറാന്‍ എന്താണ് അവകാശം?

തെരുവില്‍ കുട്ടികളെ അടക്കം കടിച്ച് കീറുന്ന പേപ്പട്ടികളെ ഉമ്മവയ്ക്കാനാണ് രഞ്ജിനിക്ക് താല്‍പര്യമെങ്കില്‍ സ്വയം അത് ചെയ്യുക. അല്ലാതെ നാട്ടുകാരോട് മേക്കിട്ട് കേറരുത്.

നായ്ശല്യം പരിഹരിക്കാന്‍ ജില്ലാ അധികൃതര്‍ വിളിച്ച് ചേര്‍ത്ത യോഗം ‘ മൃഗ സ്‌നേഹികള്‍’ എന്ന് പറഞ്ഞ് വന്ന രഞ്ജിനി ഹരിദാസും സംഘവും ‘ഹൈജാക്ക്’ ചെയ്തത് പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

മനുഷ്യ ജീവനേക്കാള്‍ മൃഗ ജീവനെ സ്‌നേഹിക്കുന്നവര്‍ സ്റ്റേജില്‍ വന്ന് ‘വര്‍ഗ്ഗ സ്വഭാവം’ കാണിക്കരുത്.

പൊതു താല്‍പര്യം മുന്‍നിര്‍ത്തി പേവിഷബാധ പകരാതിരിക്കാന്‍ ഒരു ഡോക്ടര്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രായോഗിക നിര്‍ദേശത്തെ എതിര്‍ത്ത് രംഗത്ത് വന്ന രഞ്ജിനി ഹരിദാസ, ടി.വി ഷോകളെ വെല്ലുന്ന രൂപത്തില്‍ സദസില്‍ കയറി മൈക്ക് തട്ടിപ്പറിച്ച് ആക്രോശിച്ചത് എന്തിന് വേണ്ടിയാണ് ?

രഞ്ജിനിക്ക് ആളാകണമെങ്കില്‍ അതിന് കേരളത്തിലെ പ്രമുഖ ‘കച്ചവട’ ചാനലുകള്‍ തന്നെ ആവോളം അവസരം നല്‍കുന്നണ്ടല്ലോ.

രഞ്ജിനിയുടെ പ്രകടനം ടിവിയിലൂടെ കണ്ട ആരും അവരുടെ പ്രവര്‍ത്തിയെ ന്യായീകരിക്കില്ലെന്ന് വ്യക്തമാണ്.

വളരെ ഗൗരവമായ തീരുമാനങ്ങളെടുക്കേണ്ട യോഗം അലങ്കോലമാകുന്നത് കണ്ട് അന്തംവിട്ട് നിന്ന സംഘാടകരുടെ ഭാഗത്തും ഗുരുതരമായ പിഴവുണ്ട്.

ബഹളക്കാരെ പുറത്താക്കുന്നതിന് പകരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ നടപടിയും ശരിയല്ല. ‘പേ പിടിച്ചത് നിങ്ങള്‍ക്കല്ലല്ലോ? പിന്നെ എന്തിനാണ് നിങ്ങള്‍ ഇറങ്ങിപ്പോയത്?

മനുഷ്യരെ ആക്രമിക്കുന്ന നായകള്‍ക്ക് പേവിഷബാധയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ആ നായയെയും നിശ്ചിത ദൂരപരിധിയിലുള്ള തെരുവ് നായകളെയും കൊല്ലണമെന്ന് ഡോക്ടര്‍ പറഞ്ഞത് എന്തായാലും അയാളുടെ സ്വയം രക്ഷക്ക് മാത്രമല്ല എന്ന് ഉറപ്പാണ്.

തെരുവ് നായ്ക്കളെക്കാള്‍ മനഷ്യ ജീവനാണ് വലുതെന്ന് ചൂണ്ടിക്കാട്ടി തെരുവ് നായക്കളെ കൊന്നൊടുക്കാന്‍ നിര്‍ദേശം നല്‍കിയത് നിയമ സെക്രട്ടറിയാണ്.

തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയാണ് നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ 1960-ല്‍ ഇറക്കിയ നിയമത്തില്‍ തന്നെ തെരുവ് നായ്ക്കളെക്കാള്‍ വിലകല്‍പ്പിക്കേണ്ടത് മനുഷ്യ ജീവനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.

ഭരണ ഘടനയുടെ 21-ാം വകുപ്പ് പ്രകാരം ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം മൗലികാവകാശമാണ്. അതാണ് മൃഗങ്ങളുടെ(നായ) ജനന നിയന്ത്രണ ചട്ടങ്ങളെക്കാള്‍ പ്രധാനം.

അതിനാല്‍ തന്നെ പേ പിടിച്ച നായയെ മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വികാരത്തിന്റെ മറവില്‍ സംരക്ഷിക്കണമെന്ന വാദവും വിചിത്രമാണ്.

രാജ്ഭവനില്‍ തെരുവ് നായ ശല്യം കാരണം പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഗവര്‍ണറുമായ പി സദാശിവം തന്നെ തിരുവനന്തപുരം കോര്‍പറേഷന് കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കൊച്ചിയിലെ ‘രഞ്ജിനി ഷോ’ വിവാദമെന്നതും ശ്രദ്ധേയമാണ്.

തെരുവ് നായ്ക്കള്‍ കടിച്ച് പറിച്ച കുട്ടികള്‍ ചോര ഒലിച്ച് കിടക്കുന്ന ദൃശ്യം ടി.വി ചാനലുകളില്‍ മിന്നിമറിഞ്ഞത് ടി.വി അവതാരകയായ രഞ്ജിനി കാണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല.

പേപ്പട്ടികളല്ല തെരുവ് നായ്ക്കള്‍ തന്നെയാണ് തലസ്ഥാനത്തും കൊച്ചിയിലുമെല്ലാം ആളുകളെ കടിച്ച് കീറിയത്. തെരുവിലെ ഈ യാഥാര്‍ത്ഥ്യം എ.സി കാറിലും ചാനല്‍ സ്റ്റുഡിയോകളിലും പാറിനടക്കുന്ന രഞ്ജിനി ഇനിയെങ്കിലും മനസിലാക്കുന്നത് നല്ലതാണ്.

Team ExpressKerala

Top