300 whatsapp groups used to mobilise stone pelters in kashmir cops

ശ്രീനഗര്‍ : കശ്മീരില്‍ കല്ലേറ് നടത്താനും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്താനും യുവാക്കളെ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചത് 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്.

ഇതില്‍ 90 ശതമാനവും പൂട്ടിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ ഗ്രൂപ്പുകളിലും 250 വീതം അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇതുവഴിയാണ് ഏറ്റുമുട്ടല്‍ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്താനും പ്രക്ഷോഭങ്ങള്‍ക്കിടെ കല്ലെറിയാനും ആളുകളെ ഏകോപിപ്പിച്ചിരുന്നത്.

ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൗണ്‍സിലിങ് നടത്തുന്നതിന് വിളിച്ചു വരുത്തി. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ മിക്കവാറും എല്ലാ ഗ്രൂപ്പുകളും പൂട്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. താഴ്‌വരയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇന്റര്‍നെറ്റ് റദ്ദാക്കുന്ന സര്‍ക്കാര്‍ തീരുമാനം മികച്ചതാണ്. ഇത് കശ്മീരില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, ഈ നടപടി സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്.

ശനിയാഴ്ച ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചതിനെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ സുരക്ഷാസേനയ്‌ക്കെതിരെ രംഗത്തെത്തിയെങ്കിലും കാര്യങ്ങള്‍ കൃത്യമായി നിയന്ത്രിക്കാന്‍ സാധിച്ചു. ഇന്റര്‍നെറ്റില്ലാത്തപ്പോള്‍ പ്രതിഷേധക്കാരെ ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. മുന്‍പ് സംഭവസ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെ നിന്നുള്ള യുവാക്കള്‍ പോലും കല്ലേറ് നടത്തുന്നതിനും സുരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനും എത്തിയിരുന്നു.

Top