2011 ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ ഒത്തുകളിയില്‍ അന്വേഷണം

കൊളംബൊ : ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണമുണ്ടായേക്കും. ശ്രീലങ്കന്‍ കായികമന്ത്രിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി ദയാസിരി ജയശങ്കര പറഞ്ഞു.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 274 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി.

ഒരവസരത്തില്‍ ശ്രീലങ്കയ്ക്ക് ജയസാധ്യതയുണ്ടായിരുന്നെങ്കിലും പിന്നീട് കളി ഇന്ത്യയ്ക്ക് അനുകൂലമാവുകയായിരുന്നു.

ജയിക്കാവുന്ന മത്സരം ശ്രീലങ്ക തോറ്റുകൊടുക്കുകയായിരുന്നെന്ന് കഴിഞ്ഞദിവസം മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന രണതുംഗെ ആരോപിച്ചിരുന്നു.

മത്സരത്തില്‍ ഒത്തുകളിയുണ്ടായെന്നും താന്‍ ഇതിന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്നും രണതുംഗെ പറഞ്ഞതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രീലങ്ക ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും താരത്തിനെതിരെ ആരോപണം ഇതുവരെ ഉയര്‍ന്നിട്ടില്ല. ഒത്തുകളി നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്തുവരണമെന്നാണ് ആഗ്രഹം.

എത്രവലിയ കളിക്കാരനായാലും കളിയില്‍ അഴിമതി കാട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ശ്രീലങ്കന്‍ മന്ത്രി അറിയിച്ചു.

Top