1992 babri masjid demolition conspiracy case verdict thurs day

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കേണ്ടതുണ്ടോ എന്ന വിഷയത്തിലാണ് സുപ്രീം കോടതി വിധി പറയുന്നത്.

അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയ നടപടി റായ്ബറേലി കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക.

ബാബരി മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് മുതിര്‍ന്ന എല്‍.കെ. അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാര്‍ച്ച് ആറിന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കൂടാതെ ക്രിമിനല്‍ ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

Top