സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി

oommen chandy

ബംഗളുരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ബംഗളുരു കോടതി മാറ്റി വെച്ചു.

ഒക്ടോബര്‍ ഏഴിലേക്കാണ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റിയിരിക്കുന്നത്.

ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമ ഗൗഡയാണ് വിധി പറയുക.

ബംഗളുരു വ്യവസായി എംകെ കുരുവിള നല്‍കിയ കേസില്‍ പ്രതി ചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്.

കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. 400 കോടി രൂപയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

നേരത്തെ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി കോടതി റദ്ദാക്കി. തന്റെ വാദം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കേസില്‍ തന്റെ ഭാഗം കേള്‍ക്കണമെന്നുമാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് ഹര്‍ജിയില്‍ കോടതി വിശദമായി വാദംകേട്ടു. ഇതിന്റെ വിധിയാണ് ഇപ്പോള്‍ പ്രസ്താവിക്കുന്നത്.

ആറുപ്രതികള്‍ ഉള്ള കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയായിരുന്നു. ഉമ്മന്‍ ചാണ്ടി ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരായിരുന്നു പ്രതികള്‍.

Top