ഇവിഎം കൃത്രിമം പരിശോധന, വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത് എന്‍.സി.പി മാത്രം

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധന സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത് എന്‍.സി.പി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) മാത്രമാണ്.

പരിശോധന നടത്താന്‍ താല്‍പര്യമുള്ള പാര്‍ട്ടികള്‍ക്ക് മെയ് 26 ന്‌ അഞ്ചുമണിവരെയായിരുന്നു അപേക്ഷ നല്‍കാന്‍ സമയം അനുവദിച്ചത്. എന്നാല്‍ ഇത് പൂര്‍ത്തിയായപ്പോള്‍ എന്‍.സി.പി മാത്രമാണ് നിലവില്‍ സന്നദ്ധത അറിയിച്ച് എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മൂന്ന് പ്രതിനിധികളെ ഇതിനായി എന്‍.സി.പി. ചുമതലപ്പെടുത്തിയിട്ടുണ്ട്.

പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ജൂണ്‍ മൂന്നിന് നടക്കുന്ന പരിശോധനക്ക് മെഷീനുകള്‍ എത്തിച്ചിരിക്കുന്നത്.

ജൂണ്‍ മൂന്നു മുതല്‍ കൃത്രിമം നടത്താന്‍ സാധിക്കുമോയെന്ന പരിശോധന നടത്താമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ദേശീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന പാര്‍ട്ടികള്‍ക്കും അവസരം നല്‍കും. ഇതിനായി പാര്‍ട്ടികള്‍ ചുമതലപ്പെടുത്തുന്ന മൂന്നു പേര്‍ക്കായിരുന്നു അവസരം.

മുമ്പ് വോട്ടിങ് മെഷീനില്‍ കൃത്രിമം ഉണ്ടെന്ന ആരോപണവുമായി എ.എ.പി അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹി നിയമസഭയില്‍ എ.എ.പി നിര്‍മിച്ച വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചും എ.എ.പി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരൊന്നും അപേക്ഷയുമായി എത്തിയില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

Top