സെന്‍കുമാറിനെ ഇന്നു തന്നെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തതേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയ സാഹചര്യത്തില്‍ അദ്ദേഹത്തെ ഇന്ന് തന്നെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാന സര്‍ക്കാരിന് നേരിട്ട നാണംകെട്ട തിരിച്ചടിയാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹര്‍ജി കോടതി തള്ളിയത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പ്രതികരിച്ചു.

കോടതിയുടെ രൂക്ഷ വിമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന്റെ ദുരഭിമാനം ഇല്ലായിരുന്നെങ്കില്‍ കോടതി വിധി ഒഴിവാക്കാമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി എങ്ങനെ മറികടക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്. ഇതിന് വളരെ ദുര്‍ബലമായ വാദങ്ങളാണ് സര്‍ക്കാര്‍ നടത്തിയതെന്നും ഇത് ചോദിച്ചു വാങ്ങിയ വിധിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

Top