India Announces USD 4.5 Billion As Line Of Credit To Bangladesh

ന്യൂഡല്‍ഹി: നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രതിരോധവാണിജ്യ മേഖലയിലുള്‍പ്പെടെ, ഇരുരാജ്യങ്ങളും തമ്മില്‍ 22 കരാറുകളില്‍ ഒപ്പുവെച്ചു. ബംഗ്ലാദേശിന് 4.5 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കാനും ഇന്ത്യ തീരുമാനിച്ചു.

4.5 ബില്യണ്‍ ഡോളറിന്റെ സഹായം ബംഗ്ലാദേശിന് നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബംഗ്ലാദേശിന്റെ പ്രതിരോധ ബജറ്റിന് സഹായമായി 500 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും മോദി അറിയിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പങ്കാളിയാണ് ബംഗ്ലാദേശെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

പശ്ചിമബംഗാളിലെ രാധികാപൂരില്‍ നിന്ന് ബംഗ്ലാദേശിലെ കുല്‍ഹാനിയിലേക്കുള്ള ബസ് സര്‍വീസിന്റെ ഉദ്ഘാടനവും ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. കൊല്‍ക്കത്ത കുല്‍ഹാനി പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന്റെ ട്രയല്‍ റണിന്റെ ഉദ്ഘാടനവും ഇരുവരും ചേര്‍ന്ന് നടത്തി.

രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ഷേഖ് ഹസീനയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ഇന്ത്യ നല്‍കിയത്. രാജ്ഘട്ടില്‍ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ സ്മൃതി കുടീരത്തിലും ഹസീന പുഷ്പചക്രം സമര്‍പ്പിച്ചിരുന്നു.

Top