babri masjid demolition case verdict postponed two weeks

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ വിധി പറയുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.

അദ്വാനിയുടെ അഭിഭാഷകന്‍ കെ.കെ വേണുഗോപാലിന് കോടതിയില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിയത്.

അതേസമയം, കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച്, രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മസ്ജിദ്മന്ദിര്‍ തര്‍ക്കത്തിലുള്ള നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു.

അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയ നടപടി റായ്ബറേലി കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിക്കേണ്ടത്. മാര്‍ച്ച് 21 കേസ് പരിഗണിച്ചപ്പോള്‍ തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ ഒരിക്കല്‍കൂടി ശ്രമിക്കണമെന്നും സുപ്രീംകോടതി അതിന് മധ്യസ്ഥത വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ വ്യക്തമാക്കിയിരുന്നു.

1992 ഡിസംബര്‍ ആറിനാണ് മുതിര്‍ന്ന ആര്‍.എസ്.എസ്ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

Top