Pakistan ‘world’s terrorism factory’, oppresses all minorities: India at UN

ജനീവ: പാക്കിസ്ഥാന്‍ ആഗോള ഭീകരവാദ ഫാക്ടറിയായി മാറിയിരിക്കുകയാണ് ഇന്ത്യ. ജനീവയില്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്.

പാക്ക് ഭരണകൂടം അവിടെ താമസിക്കുന്ന ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യാക്രമണവുമായി ഇന്ത്യ രംഗത്തെത്തിയത്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി നബാനിത ചക്രബര്‍ത്തിയാണ് പാക്കിസ്ഥാനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

പാക്കിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ അവരുടെ തന്നെ ജനങ്ങളെ അന്യവത്കരിക്കുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി നബനീത ചക്രബര്‍ത്തി പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ പ്രധാനമന്ത്രി,

രാഷ്ട്രപതി, ഉപരാഷ്ട്രപതി, വിവിധ മന്ത്രിസഭകളില്‍ സുപ്രധാന വകുപ്പുകള്‍ എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളില്‍നിന്നുള്ളവര്‍ സിവില്‍ സര്‍വീസില്‍ ശ്രദ്ധേയ സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയില്‍ സൂപ്പര്‍താരങ്ങളായിട്ടുണ്ട്. എന്നാല്‍, പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇതിന്റെയൊക്കെ നിഴലെങ്കിലുമാകാന്‍ സാധിച്ചിട്ടുണ്ടോയെന്നും നബാനിത് ചോദിച്ചു.

പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്ന ഭീകരരുടെ മനുഷ്യാവകാശ ലംഘനങ്ങളില്‍നിന്നും ജമ്മുകാഷ്മീരിലെ ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ് ഇന്ത്യയുടെ പ്രധാനവെല്ലുവിളിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 34-ാം പൊതുയോഗത്തിലാണ് ഗുരുതര ആരോപണങ്ങളുമായി ഇന്ത്യ പാക്കിസ്ഥാനെ നേരിട്ടത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗക്കാരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഷിയ, അഹമ്മദീയ വിഭാഗത്തില്‍പ്പെട്ടവരും മറ്റുള്ളവരും കൊടിയ പീഡനങ്ങളാണ് അനുഭവിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും നുഴഞ്ഞുകയറ്റവും പ്രോത്സാഹിപ്പിച്ച് ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനാണ് പാക്കിസ്ഥാന്റെ ശ്രമം. അതുവഴി ഇന്ത്യയുടെ പരമാധികാരത്തിനുകീഴില്‍ വരുന്ന കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Top