Trolling of Gurmehar Kaur was wrong. Randeep Hooda, Sehwag should be ashamed

ന്യൂഡല്‍ഹി: എബിവിപിക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ പരിഹസിച്ച് വിരേന്ദര്‍ സെവാഗ് രംഗത്ത്.

കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ മാന്‍ദീപ് സിങിന്റെ മകള്‍ ഗുര്‍മെഹര്‍ കൗറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുള്ളത്.

താനല്ല രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയതെന്നും തന്റെ ബാറ്റാണെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്താണ് സെവാഗിന്റെ പരിഹാസം.

ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മനിലമാക്കിയത്, യുദ്ധം ഒഴിവാകുന്നത് ശക്തമായ സൈനിക ശക്തി ഉള്ളത് കൊണ്ടാണ്. ഇന്ത്യ ആരേയും കടന്നക്രമിക്കാറില്ല. ദുര്‍ബലമായ സമയത്ത് ഇന്ത്യ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചു. എന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല യുദ്ധമാണെന്ന ഗുര്‍മെഹറിന്റെ പോസ്റ്റിനോടുള്ള പ്രതികരണമായിട്ടാണ് റിജിജുവിന്റെ ട്വീറ്റ്.

ഈ ചിത്രത്തെ ഷെയര്‍ ചെയ്ത് നിരവധി ചിരി ഇമോജികള്‍ കമന്റ് ചെയ്താണ് ബിജെപി നേതാവിന്റെ മകന്‍ കൂടിയായ രണ്‍ദീപ് സിംഹ് ഹൂഡയുടെ പ്രതികരണം.

ദാവൂദ് ഇബ്രാഹിമുമായി താരതമ്യം ചെയ്താണ് ബിജെപി എംപി പ്രതാപ് സിംഹ പോസ്റ്റിനോട് പ്രതികരിച്ചത്. ഞാന്‍ ജനങ്ങളെ കൊലപ്പെടുത്തിയിട്ടില്ല, ബോംബാണ് കൊന്നത് എന്ന് എഴുതിയ പ്ലക്കാര്‍ഡുമായി ദാവൂദ് ഇബ്രാഹിം ഇരിക്കുന്ന ചിത്രമിട്ടായിരുന്നു സിംഹയുടെ പരിഹാസം.

സ്റ്റുഡന്റ് എഗെയ്ന്‍സ്റ്റ് എ.ബി.വി.പി പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ രംഗത്ത് വന്നത്.

സ്റ്റുഡന്റ് എഗെയ്ന്‍സ്റ്റ് എബിവിപി എന്ന ഹാഷ്ടാഗില്‍ താന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ആണെന്നും താന്‍ എബിവിപിയെ ഭയക്കുന്നില്ലെന്നും താന്‍ തനിച്ചല്ലെന്നും ഇന്ത്യയിലെ അനേകം വിദ്യാര്‍ത്ഥികള്‍ തനിക്കൊപ്പം ഉണ്ടെന്നുമുള്ള ട്വീറ്റ് വൈറലായിരുന്നു.

കൂടാതെ പാകിസ്താനല്ല തന്റെ പിതാവിനെ കൊന്നതെന്നും യുദ്ധമാണെന്നും എഴുതിയ കാര്‍ഡ്‌ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന രീതിയിലുള്ള ചിത്രം അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിരുന്നു. ഇതിന് പിന്നാലെ ഗുര്‍മെഹറിനെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും നിരവധി ഭീഷണികള്‍ വന്നിരുന്നു.

ഗുര്‍മെഹറിന്റെ ക്യാമ്പയിനെ അനുകൂലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഇത് പഠിക്കണം, ഇതാണ് ബിജെപി, ഇവര്‍ നമ്മുടെ രാജ്യത്തെ തകര്‍ക്കും, ബിജെപിയുടെ ഗുണ്ടായിസത്തിനെതിരെ എല്ലാവരും രംഗത്തെത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Top