k suredren controversial statement; swaraj complet to dgp

തിരുവനന്തപുരം:ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ എം. സ്വരാജ് എം എല്‍ എ നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കേണ്ടത് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം മംഗളുരുവില്‍ നടന്ന പ്രസംഗത്തിലാണ് ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പരസ്യമായി പ്രസംഗിച്ചത്.

സംഭവം കര്‍ണ്ണാടകയിലായതിനാല്‍ അവിടുത്തെ പൊലീസാണ് കേസെടുക്കേണ്ടത്.സാധാരണ ഗതിയില്‍ മംഗളുരു പൊലീസ് സ്വമേധയാ എടുക്കേണ്ട നടപടിയാണിത്. എന്നാല്‍ ഇതുവരെ കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ കേരള ഡി ജി പി ലോക്‌നാഥ് ബഹ്‌റയ്ക്ക് സ്വരാജ് നല്‍കിയ പരാതി കര്‍ണ്ണാടക പൊലീസിന് ഔദ്യോഗികമായി കൈമാറുന്നതോടെ കേസെടുക്കേണ്ടി വരും.

ഇനി കേസെടുക്കാന്‍ കര്‍ണ്ണാടക പൊലീസ് തയ്യാറായില്ലങ്കില്‍ പ്രതി കൂട്ടിലാവുക കോണ്‍ഗ്രസ് സര്‍ക്കാരാണ്.

കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത് സംബന്ധമായി വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുയോഗത്തില്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് സി പി എം നേതാവ് എം എം മണിയെ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചിരുന്നു.

മണി പേരെടുത്ത് പറഞ്ഞാണ് അന്ന് പ്രസംഗിച്ചതെങ്കില്‍ സുരേന്ദ്രന്‍ പലരെയും കൊന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ പ്രസംഗിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ആരെയൊക്കെയാണ് കൊന്നതെന്ന് കണ്ടെത്താന്‍ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് സ്വരാജ് ആവശ്യപ്പെടുന്നത്.

അടിക്കു പകരം അടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് തുറന്നടിച്ച സുരേന്ദ്രന്‍, രണ്ടു ശതമാനം വോട്ട് മാത്രം ഉണ്ടായിരുന്നപ്പോയാണ് ഇതൊക്കെ ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കിയിരുന്നു.

സി പി എം കാരെ വെറുതെ വിടില്ലന്നും ഇന്ത്യയില്‍ എവിടെ പോയാലും അവിടെ തടയാന്‍ ബി ജെ പി ക്കാരുണ്ടാകുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പിണറായിയുടെ മംഗളൂരു സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം.

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി വകവയ്ക്കാതെ മുഖ്യമന്ത്രി പിണറായി പരിപാടികളില്‍ പങ്കെടുത്തിരുന്നു.

Top