demonetisation; people may get another chance to deposit old notes

ന്യൂഡല്‍ഹി: അസാധുവാക്കിയ പഴയ 500,1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

ഇപ്പോഴും അസാധുവാക്കിയ നോട്ടുകള്‍ ജനങ്ങളുടെ കൈവശമുള്ള സാഹചര്യത്തിലാണ് നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കുന്നത്.എന്നാല്‍ നിശ്ചിത തുകയുടെ നോട്ടുകള്‍ മാത്രമായിരിക്കും മാറ്റി നല്‍കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഡിസംബര്‍ 30 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതിരുന്ന അനേകം പേര്‍ ഒരവസരം കൂടി നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെറിയ തുക പരിധി നിശ്ചയിച്ച്, ചുരുങ്ങിയ ഒരു കാലയളവിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചത്.എന്നാല്‍ ഈ അവസരം ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് കര്‍ശന വ്യവസ്ഥകളോടെയായിരിക്കും മാറ്റിനല്‍കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 8ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ 2.5 ലക്ഷം കോടിയുടെ കള്ളപ്പണം ഇല്ലാതാക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആകെ പിന്‍വലിക്കപ്പെട്ട 15.4 കോടിയുടെ നോട്ടുകളും തിരിച്ചെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top